തലയ്ക്കു മുകളില്‍ വട്ടമിട്ട് ഹെലികോപ്റ്റര്‍; അന്തംവിട്ട് ജനം!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Oct 2018, 10:49 AM IST
Helicopter issue at Kottayam
Highlights

താഴ്ന്നു പറന്നെത്തിയ നാവികസേനയുടെ ഹെലികോപ്റ്റര്‍ ജനങ്ങളില്‍ ഒരേസമയം കൗതുകവും ഭീതിയും നിറച്ച് പറന്നകന്നു

കോട്ടയം: പറന്നു വന്ന ഒരു ഹെലികോപ്റ്റര്‍ ആകാശത്തു പൊടുന്നനെ നിന്നപ്പോള്‍ കണ്ടു നിന്നവര്‍ അന്തം വിട്ടു. പതിയെ താഴ്ന്ന് ലാന്‍ഡിംഗിനാണെന്നു തോന്നിപ്പിച്ചപ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണം കൂടി. പാറക്കെട്ടിനു മുകളിലേക്ക് ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അരുതെന്ന് പലരും കൈവീശി. പൊടുന്നനെ ഉയര്‍ന്നു പൊങ്ങിയ ഹെലികോപ്റ്റര്‍ വന്നവഴിക്കു തന്നെ മടങ്ങിയപ്പോഴും കഥയറിയാതെ ജനം മാനം നോക്കി നിന്നു.

കോട്ടയം കുറവിലങ്ങാടിനു സമീപം ഉഴവൂര്‍ പഞ്ചായിത്തിലെ നെടുമ്പാറ ഭാഗത്തായിരുന്നു സംഭവം. താഴ്ന്നു പറന്നെത്തിയ നാവികസേനയുടെ ഹെലികോപ്റ്ററാണ് ജനങ്ങളില്‍ ഒരേസമയം കൗതുകവും ഭീതിയും നിറച്ച് പറന്നകന്നത്. കഴിഞ്ഞ ദിവസം  രാവിലെ പത്തിനാണു ജനവാസ മേഖലയ്ക്കു മുകളില്‍ നേവി ഹെലികോപ്റ്റര്‍ വട്ടമിട്ടു പറന്നത്.

പരിശീലനത്തിന്‍റെ ഭാഗമായിട്ടാണ് നാവികസേനയുടെ സീ കിങ്  ഹെലികോപ്റ്റര്‍ ഇവിടെ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തിനു സമാനമായ ദുർഘടമായ സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തന പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇത്. 1000 അടി ഉയരത്തിൽ നിർത്തി ഹെലികോപ്റ്റർ സേനാംഗങ്ങൾ കയറിലൂടെ താഴേക്കിറങ്ങിയ രക്ഷാപ്രവർത്തനം നടത്തുന്നതെങ്ങനെയെന്ന് അനുകരിക്കുകയായിരുന്നു ലക്ഷ്യം.

ആൾതാമസമില്ലാത്ത മേഖലയെന്നു കരുതിയാണ് ചുറ്റും പാറക്കെട്ടുകൾ നിറഞ്ഞ നെടുമ്പാറ മേഖലയെ തിരഞ്ഞെടുത്തത്. എന്നാൽ ജനവാസ മേഖലയാണെന്നു തിരിച്ചറിഞ്ഞതോടെ പരിശീലനം മറ്റൊരിടത്തേക്കു മാറ്റി ഹെലികോപ്റ്റര്‍ തിരിച്ചു പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

loader