അപകടത്തില്‍ ഹെല്‍മറ്റ് തകര്‍ന്ന ഇരുചക്രവാഹന യാത്രികര്‍ക്ക് പകരം ഐഎസ്ഐ മുദ്രയുള്ള പുത്തന്‍ ഹെല്‍മറ്റ് വാങ്ങി നല്‍കി കോഴിക്കോട് സിറ്റി പോലീസ്. ബൈക്കില്‍ നിന്ന് വീണ് ഹെല്‍മറ്റ് തകര്‍ന്നവര്‍ക്ക് മാത്രം പുത്തന്‍ ഹെല്‍മറ്റ് നല്‍കുന്ന പൊലീസിന്‍റെ ഈ വേറിട്ട പദ്ധതിയെക്കുറിച്ച് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്‍തത്.

കോഴിക്കോട് നഗര പരിധിയില്‍ വെച്ച് ഹെല്‍മറ്റ് വെച്ച് വാഹനം ഓടിക്കുന്നതിനിടെ അപകടം പറ്റിയവര്‍ക്കാണ് നിലവില്‍ പുത്തന്‍ ഹെല്‍മെറ്റ് ലഭിക്കുക.  സുസൂക്കി മോട്ടോര്‍സ് പ്രൈവറ്റ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി. കൈയില്‍ നിന്ന് വീണ് പൊട്ടിയാലോ മനപൂര്‍വ്വം  പൊട്ടിച്ചാലൊ പുതിയ ഹെല്‍മറ്റ് കിട്ടില്ല. അപകടത്തില്‍പെടുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍.

അപകടം സംഭവിച്ച ശേഷം പരാതിയും ഹെല്‍മറ്റുമായി ട്രാഫിക്ക് പോലീസ് സ്‌റ്റേഷനില്‍ എത്തിയാല്‍ മതി. ശരിയായ രീതിയില്‍ ഹെല്‍മറ്റ് ധരിച്ച് അപകടത്തില്‍പെട്ട് ഹെല്‍മെറ്റ് പൊട്ടിപോകുന്നവര്‍ തത്സമയം 1099, 9497934724 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനായി പോലീസ് വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്തില്‍ നിയമം ലംഘിച്ചവര്‍ക്ക്  ബമ്പര്‍ സമ്മാനവുമായി ട്രാഫിക് പോലീസ് രംഗത്തെത്തിയിരുന്നു. 100 രൂപ പിഴ ഈടാക്കിയ ശേഷമായിരുന്നു ഐഎസ്‌ഐ മാര്‍ക്കുള്ള ഹെല്‍മെറ്റ് നല്‍കിയത്. സെപ്തംബറിലും പിഴയടപ്പിച്ച ശേഷം ഹൈല്‍മറ്റില്ലാത്തവര്‍ക്ക് കോഴിക്കോട് സിറ്റി പോലീസ് സൗജന്യമായി ഹെല്‍മറ്റ് നല്‍കിയിരുന്നു.