Asianet News MalayalamAsianet News Malayalam

ആക്ടീവ 6ജി എത്തി, മോഹിപ്പിക്കുന്ന വിലയില്‍!

ഇന്ത്യയിലെ ജനപ്രിയ സ്‍കൂട്ടറായ ആക്ടിവയുടെ പുതിയ പതിപ്പായ 6ജി വിപണിയില്‍ അവതരിപ്പ് ഹോണ്ട

Honda Activa 6G launched In India
Author
Mumbai, First Published Jan 17, 2020, 10:43 AM IST

ഇന്ത്യയിലെ ജനപ്രിയ സ്‍കൂട്ടറായ ആക്ടീവയുടെ പുതിയ പതിപ്പായ 6ജി വിപണിയില്‍ അവതരിപ്പ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കകളായ ഹോണ്ട. ബിഎസ് 6 എന്‍ജിനുമായാണ് ആറാം തലമുറ ആക്ടിവ വരുന്നത്. പുതിയ സുരക്ഷ മാനദണ്ഡങ്ങളില്‍ നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ്6 നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടിവ 6ജി എത്തുന്നത്.

സ്റ്റാന്‍ഡേഡ് വേരിയന്റിന് 63,912 രൂപയും ഡീലക്‌സ് വേരിയന്റിന് 65,412 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 പാലിച്ചിരുന്ന ആക്ടിവ  5ജി സ്‌കൂട്ടറിനേക്കാള്‍ 7,500 രൂപയോളം കൂടുതലാണിത്. 

ഹോണ്ട നിരയില്‍ നിന്നുള്ള മൂന്നാമത്തെ ബിഎസ്6 മോഡലാണ് ആക്ടിവ 6G.നേരത്തെ ആക്ടിവ 125 ബിസ്6 പതിപ്പും SP 125 ബിഎ6 പതിപ്പും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. ടിവിഎസ് ജൂപ്പിറ്ററിനുശേഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതും ബിഎസ് 6 പാലിക്കുന്നതുമായ രണ്ടാമത്തെ 110 സിസി സ്‌കൂട്ടറാണ് ഹോണ്ട ആക്റ്റിവ 6ജി. 125 സിസിക്കും അതിനുമുകളിലും എന്‍ജിന്‍ ശേഷിയുള്ള നിരവധി ബിഎസ് 6 സ്‌കൂട്ടറുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. 

നിരവധി പരിഷ്‍കാരങ്ങളോടെയാണ് ആക്ടിവ 6ജി എത്തുന്നത്. മുന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്‍ത ഏപ്രണ്‍, പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്‌ലാംപ് എന്നിവ സ്റ്റൈലിംഗ് മാറ്റങ്ങളാണ്. പിറകിലും മാറ്റങ്ങള്‍ വരുത്തി. അര്‍ധ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പാസ് ലൈറ്റ് സ്വിച്ച് എന്നിവ പുതിയ ഫീച്ചറുകളാണ്. നീളമേറിയ സീറ്റ്, അധിക വീല്‍ബേസ്, ഫ്‌ളോറില്‍ കൂടുതല്‍ സ്ഥലസൗകര്യം എന്നിവ ലഭിച്ചു. 

ബിഎസ് 6 പാലിക്കുന്ന ആക്റ്റിവ 125 സ്‌കൂട്ടറില്‍ ഈയിടെ കണ്ടതുപോലെ, ബിഎസ് 6 ആക്റ്റിവ 6ജി സ്‌കൂട്ടറിലും ‘സൈലന്റ് സ്റ്റാര്‍ട്ട്’ സംവിധാനം നല്‍കിയിരിക്കുന്നു. മുന്നില്‍ 10 ഇഞ്ച് വ്യാസമുള്ള ചക്രമാണ് ആക്റ്റിവ 5ജി ഉപയോഗിച്ചിരുന്നതെങ്കില്‍ ആക്റ്റിവ 6ജി സ്‌കൂട്ടറില്‍ 12 ഇഞ്ച് ചക്രം നല്‍കി. മുന്നില്‍ പുതുതായി ടെലിസ്‌കോപിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. ആക്റ്റിവ 125 സ്‌കൂട്ടറിലേതുപോലെ പുറമേക്കൂടി ഇന്ധനം നിറയ്ക്കാവുന്ന സൗകര്യം ആക്റ്റിവ 6ജി സ്‌കൂട്ടറിലും കാണാം. മള്‍ട്ടി ഫംഗ്ഷന്‍ കീ ഉപയോഗിച്ച് കീഹോളിനു സമീപത്തെ സ്വിച്ച് വഴി ഫ്യൂവല്‍ ഫില്ലിംഗ് ക്യാപ് തുറക്കാന്‍ കഴിയും.

ബിഎസ് 6 പാലിക്കുന്നതോടെ സിംഗിള്‍ സിലിണ്ടര്‍ മോട്ടോറിന്റെ ഡിസ്‌പ്ലേസ്‌മെന്റ് മാറി. 109.51 ക്യൂബിക് സെന്റിമീറ്ററാണ് ഇപ്പോള്‍. ബിഎസ് 4 എന്‍ജിന്‍ 109.19 സിസി ആയിരുന്നു. ബിഎസ് 4 സ്‌കൂട്ടറില്‍ കാര്‍ബുറേറ്ററാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കി. ബിഎസ് 6 എന്‍ജിന്റെ ഡിസ്‌പ്ലേസ്‌മെന്റ് അല്‍പ്പം വര്‍ധിച്ചെങ്കിലും ഉല്‍പ്പാദിപ്പിക്കുന്ന കരുത്ത് അല്‍പ്പം കുറയുകയാണ് ചെയ്തത്. നേരത്തെ 7,500 ആര്‍പിഎമ്മില്‍ 7.96 എച്ച്പി ആയിരുന്നു. ഇപ്പോള്‍ 8,000 ആര്‍പിഎമ്മില്‍ 7.79 എച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. 5,250 ആര്‍പിഎമ്മില്‍ 8.79 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നു. എന്‍ജിനകത്തെ ഘര്‍ഷണം കുറയ്ക്കുന്നതിന് ഹോണ്ടയുടെ എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) സാങ്കേതികവിദ്യ നല്‍കി. ആക്റ്റിവ 5ജി മോഡലിനേക്കാള്‍ പത്ത് ശതമാനം അധികം ഇന്ധനക്ഷമത നല്‍കുന്നതാണ് ആക്റ്റിവ 6ജി സ്‌കൂട്ടറെന്ന് ഹോണ്ട അറിയിച്ചു.

ഗ്ലിറ്റര്‍ ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, ഡാസല്‍ യെല്ലോ മെറ്റാലിക്, ബ്ലാക്ക്, പേള്‍ പ്രിഷിയസ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ ആറ് നിറങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇരുചക്ര വാഹനം ലഭിക്കും. പുതിയ വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ ഡെലിവറി ആരംഭിക്കും. 

2001 ലാണ് ഹോണ്ട ആക്റ്റിവ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. ഹോണ്ട പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ദിവസം ഏകദേശം 7,740 ആക്ടിവ യൂണിറ്റുകൾ ആണ് രാജ്യത്ത് വിറ്റു പോവുന്നത്. അതായത് ഓരോ മിനുട്ടിലും ഏകദേശം 5 ആക്ടിവ മോഡലുകളാണ് ഹോണ്ട വിറ്റഴിക്കുന്നത്.  ഇരുപതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ആറാം തലമുറ ആക്ടിവ വരുന്നത് എന്നതും പ്രത്യേകതയാണ്.

Follow Us:
Download App:
  • android
  • ios