ഇന്ത്യയുടെ ജനപ്രിയ ഇരുചക്രവാഹനം ഹോണ്ട ആക്ടിവയുടെ വില്‍പ്പന ഒന്നരക്കോടി തികഞ്ഞു. 2001ല്‍ വിപണിയിലെത്തിയ ഈ ഗീയർരഹിത സ്‌കൂട്ടറിന്‍റെ മൊത്തം ഉൽപാദനം ഒന്നര കോടി യൂണിറ്റിലെത്തിയതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ അറിയിച്ചു.
പുറത്തിറങ്ങിയ ആദ്യ വര്‍ഷം തന്നെ 55,000 യൂണിറ്റ് വില്‍പ്പന ആക്ടിവ സ്വന്തമാക്കിയിരുന്നു. 2012ല്‍ ഇത് അമ്പത് ലക്ഷമായി ഉയര്‍ന്നു. മൂന്ന് വര്‍ഷം പിന്നിട്ട് 2015 ആയപ്പോഴേക്കും ഇത് ഒരുകോടിയായി. അങ്ങനെ ഗീയര്‍ രഹിത സ്കൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലായി ആക്ടിവ മാറി.
ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇരുചക്രവാഹന ബ്രാൻഡാണ് ആക്ടീവ. 2016–17 സാമ്പത്തികവര്‍ഷം രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെട്ട ഇരുചക്ര വാഹന ബ്രാൻഡും ആക്ടിവയാണ്. ബൈക്കുകളെ പിന്തള്ളിയാണ് ആക്ടിവ ഈ നേട്ടം കൈവരിച്ചത്. 27.59 ലക്ഷം ആക്ടിവകള്‍ ഈ കാലത്ത് നിരത്തിലിറങ്ങിയതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. രണ്ടാം സ്ഥാനത്തുള്ള ഹീറോ മോട്ടോ കോർപിന്‍റെ സ്പ്ലെന്‍ഡറിനെക്കാള്‍ 2.09 ലക്ഷം യൂണിറ്റ് അധികം ആക്ടിവകള്‍ വിപണിയിലെത്തി. സ്‌പ്ലെൻഡറിന്റെ വിൽപ്പന 25.50 ലക്ഷം യൂണിറ്റായിരുന്നു. ഇതോടെ പതിനേഴ് വര്‍ഷത്തിനിടെ ആദ്യമായി ഏറ്റവും വില്‍പ്പനയുള്ള ടൂവീലര്‍ എന്ന സ്ഥാനം ആക്ടിവ സ്വന്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്കൂട്ടർ ബ്രാൻഡ് ഒന്നരക്കോടി ഉൽപാദനവും വിൽപനയും തികയ്ക്കുന്നത്. ഇന്ത്യയിലെ ഇരുചക്രവാഹനവിപണിയില്‍ 58 ശതമാനം വിപണിവിഹിതം ആക്ടിവയ്ക്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപനയിൽ ഹോണ്ടയുടെ 50 ലക്ഷം യൂണിറ്റെന്ന നേട്ടത്തിൽ 67 ശതമാനത്തോളം ആക്ടീവയുടെ സംഭാവനയായിരുന്നു.
മൊബൈല്‍ ചാര്‍ജിങ് യൂണിറ്റ് അടക്കമുള്ള ആക്ടിവ ഫോര്‍ജിയും കഴിഞ്ഞമാസം വിപണിയിലെത്തിയിരുന്നു. ഗുജറാത്തിലെ വിത്തൽപൂരിൽ സ്‌കൂട്ടർ നിർമാണത്തിനു മാത്രമായി ഹോണ്ട സ്ഥാപിച്ച പുതിയ പ്ലാന്‍റില്‍ നിന്നാണു 1,50,00,000-ാമത് ആക്ടീവ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ഈ പ്ലാന്‍റ് ആഗോളതലത്തിൽ സ്‌കൂട്ടർ നിർമാണത്തിനു മാത്രമുള്ള ഏറ്റവും വലിയ പ്ലാന്‍റുകളിലൊന്നാണ്. പ്രതിവർഷം 12 ലക്ഷം സ്‌കൂട്ടറുകളാണ് ഈ പ്ലാന്‍റിന്‍റെ വാർഷിക ഉൽപാദനശേഷി .
