പുതുവര്‍ഷത്തില്‍ പുതിയ കാര്‍ വാങ്ങാനുള്ള തയ്യാറെടുക്കുന്നവര്‍ക്കിതാ ഒരു ദു:ഖ വാര്‍ത്ത. സ്‌കോഡയ്ക്കും ഇസുസുവിനും പിന്നാലെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും 2018 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കും. 25,000 രൂപ വരെ വില വര്‍ധിക്കുമെന്നാണ് ഹോണ്ടയുടെ പ്രഖ്യാപനം.

4.66 ലക്ഷം രൂപ വിലയുള്ള ബ്രിയോ ഹാച്ച്ബാക്കില്‍ തുടങ്ങി 43.21 ലക്ഷം രൂപ പ്രൈസ് ടാഗുള്ള അക്കോര്‍ഡ് ഹൈബ്രിഡില്‍ അവസാനിക്കുന്നതാണ് നിലവിലെ ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ വാഹനനിര. ഈ നിരയില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് വര്‍ദ്ധന. ഉത്പാദനചെലവ് വര്‍ധിച്ചതാണ് കാറുകളില്‍ വില കൂട്ടുന്നതിനുള്ള കാരണമായി ഹോണ്ട പറയുന്നത്.

ഹോണ്ട നിരയില്‍ WR-V, സിറ്റി സെഡാന്‍ മോഡലുകളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്. വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി 8.51 ലക്ഷം രൂപ മുതല്‍ 11.15 ലക്ഷം രൂപ വില നിലവാരത്തിലാണ് ഹോണ്ട WR-V വിപണിയില്‍ എത്തുന്നത്. 9.95 ലക്ഷം രൂപ മുതല്‍ 15.71 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റിയുടെ വിലകള്‍. 

ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയുള്ള വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ 8,000 രൂപ മുതല്‍ 20,000 രൂപ വരെയാകും WR-V വേരിയന്റുകളില്‍ കൂടുക. വിവിധ വേരിയന്‍റുകള്‍ക്ക് 9,000 രൂപ മുതല്‍ 16,000 രൂപ വരെ ഹോണ്ട സിറ്റി സെഡാനിലും കൂടും.

ഇസുസുവും സ്‌കോഡയും പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കുന്നത്. സ്‍കോഡ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്.