ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ മള്‍ട്ടി പര്‍പ്പസ് വാഹനം മൊബീലിയോ ഇന്ത്യയില്‍ നിര്‍മ്മാണവും വില്‍പ്പനയും അവസാനിപ്പിക്കുന്നതായി സൂചന. മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാത്തതും സാങ്കേതിക പിഴവുകളുമാണ് പിന്മാറ്റത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല.
മാരുതി എര്‍ട്ടിഗയോട് മത്സരിക്കാന്‍ 2014-ലാണ് ഹോണ്ട മൊബീലിയോയെ വിപണിയിലെത്തിക്കുന്നത്. ഹോണ്ട സിറ്റി സെഡാനില്‍ ഉള്‍പ്പെടുത്തിയ അതേ ഡീസല്‍-പെട്രോള്‍ എഞ്ചിനില്‍ ചെറു ഹാച്ച്ബാക്ക് ബ്രിയോ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് മൊബീലിയോ വിപണിയിലെത്തിയത്. എന്നാല്‍ രൂപത്തിലും പെര്‍ഫോമെന്‍സിലും വേണ്ടത്ര ജനപ്രീതി സ്വന്തമാക്കാന്‍ സെവന്‍ സീറ്റര്‍ മൊബീലിയോയ്ക്ക് സാധിച്ചിരുന്നില്ല.
തകര്‍ച്ച മറികടക്കാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍തന്നെ കമ്പനി നിര്‍മാണം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ജിഎസ്ടി പശ്ചാത്തലത്തില്‍ പുതുക്കി വില നിശ്ചയിച്ച ഹോണ്ട നിരയിലും മൊബീലിയോയ്ക്ക് സ്ഥാനം ഇല്ലായിരുന്നു. ഹോണ്ട ഇന്ത്യ ഔദ്യോഗിക വെബ്-സൈറ്റില്‍ നിന്നും മൊബീലിയോ ഒഴിവാക്കിയിട്ടുണ്ട്. ഭൂരിഭാഗം ഹോണ്ട ഡീലര്‍ഷിപ്പുകളും പുതിയ മൊബീലിയോ ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലുള്ള സ്‌റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിക്കാനാണ് ഡീലര്‍ഷിപ്പുകളുടെ ശ്രമം.
