ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ മള്‍ട്ടി പര്‍പ്പസ് വാഹനം മൊബീലിയോ ഇന്ത്യയില്‍ നിര്‍മ്മാണവും വില്‍പ്പനയും അവസാനിപ്പിച്ചതായി സൂചന. മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാത്തതും സാങ്കേതിക പിഴവുകളുമാണ് പിന്മാറ്റത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല.

കമ്പനി വെബ്സൈറ്റിലെ മോഡൽ പട്ടികയിൽ നിന്ന് ഹോണ്ട മൊബലിയൊയെ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, ജി എസ് ടി നിലവിൽ വന്ന ശേഷം കമ്പനി പ്രഖ്യാപിച്ച ഔദ്യോഗിക വിലവിവരപ്പട്ടികയിലും മൊബിലിയൊ ഉൾപ്പെടുന്നില്ലെന്നതിനാല്‍ ജൂലൈ ആദ്യവാരം ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വാഹന ലോകത്ത് സജീവമായിരുന്നു.

മാരുതി എര്‍ട്ടിഗയോട് മത്സരിക്കാന്‍ 2014-ലാണ് ഹോണ്ട മൊബീലിയോയെ വിപണിയിലെത്തിക്കുന്നത്. ഹോണ്ട സിറ്റി സെഡാനില്‍ ഉള്‍പ്പെടുത്തിയ അതേ ഡീസല്‍-പെട്രോള്‍ എഞ്ചിനില്‍ ചെറു ഹാച്ച്ബാക്ക് ബ്രിയോ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ്‌ മൊബീലിയോ വിപണിയിലെത്തിയത്. എന്നാല്‍ രൂപത്തിലും പെര്‍ഫോമെന്‍സിലും വേണ്ടത്ര ജനപ്രീതി സ്വന്തമാക്കാന്‍ സെവന്‍ സീറ്റര്‍ മൊബീലിയോയ്ക്ക് സാധിച്ചിരുന്നില്ല.

അതേസമയം ഇന്തൊനീഷയിൽ ഹോണ്ട പരിഷ്കരിച്ച മൊബിലിയൊ’ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. എന്നാൽ ഈ മോഡൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമോ എന്ന് ഇതുവരെ വ്യക്തമല്ല.