റോയല്‍ എന്‍ഫീല്‍ഡിന് ഒരു കരുത്തന്‍ എതിരാളിയുമായി ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹോണ്ട വരുന്നു. എന്‍ട്രി-ലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ റിബെല്‍ 300, റിബെല്‍ 500 മോട്ടോര്‍സൈക്കിളുകളുമായിട്ടാണ് ഹോണ്ട എത്തുന്നത്.
ഇന്ത്യന്‍ പ്രവേശനത്തിനു മുന്നോടിയായി റിബെല്‍ 300 ന്റെ പേറ്റന്റ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കരസ്ഥമാക്കിയതായി റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന് എതിരെയുള്ള ഹോണ്ടയുടെ അവതാരമാണ് റിബെല്‍ 300. രാജ്യാന്തര വിപണികളില്‍ റിബെല്‍ 300 നടത്തിക്കൊണ്ടിരിക്കുന്ന ജൈത്രയാത്രയുടെ പിന്‍ബലത്തിലാണ് മോട്ടോര്‍സൈക്കിളിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്നത്.
2018 രണ്ടാം പാദത്തോടെ അല്ലെങ്കില്‍ 2019 ആരംഭത്തോടെ ഹോണ്ട റിബെല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350 യോടാകും ഹോണ്ട റിബെല്‍ 300 പ്രധാനമായും ഏറ്റുമുട്ടുക.
ഒപ്പം ബജാജ് അവഞ്ചര്‍ നിരയിലെ ഉപഭോക്താക്കളെയും ഹോണ്ട റിബെല്‍ 300 ലക്ഷ്യമിടുന്നുണ്ട്. ഒഴുകിയിറങ്ങുന്ന ലളിതമായ ഡിസൈന്‍ ഭാഷയാണ് ഹോണ്ട റിബെല്‍ 300 ന്റെ പ്രധാന ആകര്‍ഷണം.
മോട്ടോര്‍സൈക്കിളിന് തനത് ക്ലാസിക് മുഖഭാവമാണെങ്കിലും ആധുനികതയുടെ കാര്യത്തിലും താരം ഒട്ടും പിന്നില്‍ അല്ല. റോയല്‍ എന്‍ഫീല്‍ഡിന് എതിരെ അണിനിരക്കുമ്പോള്‍ ഇതേ ആധുനിക സാങ്കേതികതയാകും റിബെല്‍ 300 ന് മുതല്‍ക്കൂട്ടാവുക.
286 സിസി ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് റിബെല്‍ 300 ഒരുങ്ങുന്നത്. ഏകദേശം 2 ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെയുള്ള പ്രൈസ് ടാഗിലാകും ഹോണ്ട റിബെല്‍ 300 ന്റെ ഇന്ത്യന്‍ വരവ്.
ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്സ്പോയില്‍ റിബെല്‍ 300, റിബെല്‍ 500 മോട്ടോര്‍സൈക്കിളുകളെ ഹോണ്ട അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
