കൊച്ചി എംജി റോഡ് ഹോണ്‍രഹിതമാകുന്നു

കൊച്ചി എംജി റോഡ് ഇനിമുതല്‍ ഹോണ്‍രഹിതമാകുന്നു. ഈ മാസം 26 മുതലാണ് റോഡ് ഹോണ്‍ രഹിത മേഖലയാകുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്, അസോസിയേഷന്‍ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്,കൊച്ചി മെട്രോ, സിറ്റി പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

കേരളത്തില്‍ ഇത് ആദ്യമായിട്ടാണ് ഒരു റോഡ് ഹോണ്‍രഹിതമാകുന്നതെന്നതാണ് പ്രത്യേകത. 2016 മുതല്‍ ഐഎംഎ എല്ലാ വര്‍ഷവും നോ ഹോണ്‍ ഡേ ആചരിക്കുന്നുണ്ടെങ്കിലും ആദ്യമായാണു ഒരു മേഖല ഹോണ്‍ രഹിതമാക്കുന്നത്.

26-ന് രാവിലെ 9.30ന് എറണാകുളം മാധവ ഫാര്‍മസി ജംക്ഷന്‍ മെട്രോ പാര്‍ക്കിങില്‍ നടക്കുന്ന ചടങ്ങില്‍ കെ.എം.ആര്‍.എല്‍ എംഡി മുഹമ്മദ് ഹനീഷ് എംജി റോഡില്‍ ശീമാട്ടി മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുളള ഭാഗം ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിക്കും.