രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന 2019 ജൂലൈ ആദ്യമാണ് അവതരിപ്പിക്കപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കുന്ന ഇ-കാര്‍ എന്ന നിലയിലും ശ്രദ്ധനേടിയ കോന ഇപ്പോള്‍ ഗിന്നസ് ബുക്കിലും കയറിയിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹനം എന്ന റെക്കോര്‍ഡാണ് കോന സ്വന്തമാക്കിയിരിക്കുന്നത്. ടിബറ്റിലെ 5731 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൗള പാസ് എന്ന സ്ഥലത്ത് സഞ്ചരിച്ചാണ് കോന റെക്കോഡ് സ്വന്തമാക്കിയത്. 5715 മീറ്ററായിരുന്നു മുന്‍ റെക്കോഡ്.

ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള അബദ്ധധാരണകള്‍ മാറ്റിമറിക്കുന്ന റെക്കോഡാണ് ഹ്യുണ്ടായി കോന സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഹ്യുണ്ടായിക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും അഭിമാനം നല്‍കുന്ന നേട്ടമാണെന്ന് ഹ്യുണ്ടായി ഇന്ത്യ എംഡി, സിഇഒ എസ്.എസ്.കിം അഭിപ്രായപ്പെട്ടു. 

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. സ്റ്റാൻഡേർഡ് വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്സ്റ്റൻഡ് 470 കിലോ മീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്.യു.വികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത്. ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്തമാണ്. മുൻവശത്താണ് ചാർജിങ് സോക്കറ്റ് നൽകിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത് സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ് മണിക്കുർ കൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്റ്റ് ചാർജറിൽ 54 മിനിട്ട് കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്സ്റ്റൻഡിനു 64kWh ബാറ്ററിയും 150 kW &nbsp ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്.

25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു.