ന്യൂ ഡെല്‍ഹി : ചൈനയെ പിന്നിലാക്കി ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി വളര്‍ന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം), ചൈന അസ്സോസിയേഷന്‍ ഓഫ് ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് എന്നിവരുടെ കണക്കനുസരിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 17.7 മില്യണ്‍ (1.77 കോടി) വാഹനങ്ങളാണ് വിറ്റത്. അതായത് ഓരോ ദിവസവും വിറ്റത് ശരാശരി 48,000 ഇരുചക്ര വാഹനങ്ങള്‍ വിപണിയിലിറങ്ങി. അതേസമയം ചൈനീസ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം 16.8 മില്യണ്‍ ഇരുചക്ര വാഹനങ്ങള്‍ മാത്രമേ വിറ്റുള്ളുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഗ്രാമീണ മേഖലകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെട്ടതും വരുമാനം വര്‍ധിച്ചതിനുമൊപ്പം ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതുമാണ് രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പനയില്‍ മുന്നേറ്റമുണ്ടാകാന്‍ കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. രാജ്യത്തെ ഇരുചക്രവാഹനനിര്‍മ്മാതാക്കളില്‍ ഒന്നാംസ്ഥാനക്കാരും സ്‌കൂട്ടര്‍ വിപണിയെ നയിക്കുന്നവരുമായ ഹോണ്ടയുടെ ഉപയോക്താക്കളില്‍ 35 ശതമാനവും സ്ത്രീകളാണ്.
കാര്‍ വില്‍പ്പനയും പ്രധാന നഗരങ്ങളില്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള നിയന്ത്രണവും മൂലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനയിലെ ഇരുചക്ര വാഹന വിപണി മന്ദഗതിയിലാണ്. എന്നാല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ ചൈനയില്‍ വന്‍മുറ്റേമാണ്.
മൂന്നാമത്തെ വലിയ ഇരുചക്ര വാഹന വിപണി ഇന്തോനേഷ്യയാണ്. 6 മില്യണ്‍ ഇരുചക്ര വാഹനങ്ങളാണ് ഇന്തോനേഷ്യയില്‍ വിറ്റത്.
