Asianet News MalayalamAsianet News Malayalam

അപകടങ്ങള്‍ മുന്‍കൂട്ടി കാണും, വരുന്നൂ ട്രെയിനിലും ബ്ലാക്ക് ബോക്സ്!

ട്രെയിനുകളിലും വിമാനങ്ങളുടെ മാതൃകയില്‍ ബ്ലാക്ക് ബോക്സ് ഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.

Indian Railways launches first smart coach
Author
Delhi, First Published Sep 23, 2018, 5:07 PM IST

ട്രെയിനുകളിലും വിമാനങ്ങളുടെ മാതൃകയില്‍ ബ്ലാക്ക് ബോക്സ് ഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റായ്ബറേലിയിലെ ഫാക്ടറിയിൽ ഇത്തരം 100 കോച്ചുകൾ ബ്ലാക്ക് ബോക്സുള്ള സ്മാർട് കോച്ചുകൾ സജ്ജമായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായിട്ടാണ് വിമാനങ്ങളിലെ മാതൃകയിൽ ബ്ലാക്ക് ബോക്സ് ഉൾപ്പെടെ ഘടിപ്പിച്ച സ്മാർട് കോച്ചിനെ ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്നത്.  

അപകടത്തിനിടയാക്കിയ കാരണങ്ങൾ കണ്ടെത്താനാണു വിമാനങ്ങളിലെ ബ്ലാക്ക് ബോക്സ് സഹായിക്കുന്നതെങ്കിൽ ട്രെയിനിലെ ബ്ലാക്ക് ബോക്സ് അപകട സാധ്യത കണ്ടെത്തി വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളതാണ്. പ്രത്യേക സെൻസർ സംവിധാനത്തിലൂടെയാണ് കോച്ചുകളിലെ ചക്രങ്ങൾ  പാളങ്ങളുടെ കാര്യക്ഷമത തിരിച്ചറിഞ്ഞ് അപകട സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നത്. ഇതിനായി പ്രത്യേക കംപ്യൂട്ടർ സങ്കേതമുണ്ട്. താപവ്യതിയാനം മൂലം കേബിളുകൾ തകരാറിലാകാനുള്ള സാധ്യതയടക്കം ഈ ബ്ലാക്ക് ബോക്സ് കണ്ടെത്തും. ശബ്ദവും ദ‍ൃശ്യവും അടക്കം അവലോകനം ചെയ്തു സൂക്ഷിക്കും. കോച്ചുകളുടെ തൽസ്ഥിതി ഉൾപ്പെടെ ശാസ്ത്രീയമായി രേഖപ്പെടുത്തി യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം സ്മാർട് കോച്ചുകളിലുണ്ടാകും.

ബ്ളാക്ക് ബോക്സിലെ പാസഞ്ചർ ഇൻഫർമേഷൻ ആൻഡ് കോച്ച് കംപ്യൂട്ടിങ് യൂണിറ്റ് പ്രത്യേക നെറ്റ്‌വർക്ക് സംവിധാനത്തിലൂടെ കോച്ചുകളിൽ മുഴുവൻ ബന്ധപ്പെടുത്തും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവിയുണ്ട്. ഓരോ സ്ഥലത്തും റെയിൽവേ ഒരുക്കുന്ന സൗകര്യങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവ മോണിറ്ററിൽ കാണാം. യാത്രക്കാർക്ക് സീറ്റുകളിൽ ഇരുന്നു തന്നെ ഗാർഡുമായി സംസാരിക്കാം. കോച്ചിൽ റിസർവ് ചെയ്ത യാത്രക്കാർ അല്ലാത്തവർ പ്രവേശിക്കുന്നതും നിരീക്ഷിക്കും. വൈഫൈ–ഹോട്ട് സ്പോട്ട് സംവിധാനവും കോച്ചിൽ ലഭ്യമാണ്. നിലവിലുള്ള കോച്ചുകളേക്കാൾ ഭാരം കുറയുമെന്നതാണു സ്മാർട് കോച്ചുകളുടെ മറ്റൊരു പ്രത്യേകത. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളുള്ള ട്രെയിൻ കടന്നുപോകുമ്പോൾ ശബ്ദം പകുതിയോളം കുറയും. 

ജർമനിയിലെ ആൽസ്റ്റോം എൽഎച്ച്ബി കമ്പനി നിർമിക്കുന്ന എൽഎച്ച്ബി (ലിംക് ഹോഫ്മാൻ ബുഷ്) കോച്ചുകളാണു സ്മാർട് കോച്ചുകളാക്കി രൂപമാറ്റം വരുത്തിയത്.  സാധാരണ കോച്ചിനെ അപേക്ഷിച്ച് ഒരു കോച്ചിന് 14 ലക്ഷം രൂപ ചെലവ് കൂടുതൽ വരും. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകിയുള്ള പുത്തൻ കോച്ചുകൾ നിലവിലുള്ള കോച്ചുകളേക്കാൾ കൂടുതൽ ഇരിപ്പിടങ്ങൾ സജ്ജീകരിക്കാവുന്ന രീതിയിലാണ്. 
 

Follow Us:
Download App:
  • android
  • ios