ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാൻ എന്ന ഖ്യാതിയുള്ള മസരട്ടി ക്വാ​ട്രോപോർ​ട്ടേ ജിടിഎസ്​ ഇന്ത്യയിലെത്തുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്​ത കാറി​​ൻറെ ചിത്രങ്ങൾ കമ്പനി തന്നെയാണ് പങ്കുവച്ചത്. 2.8 കോടിയായിരിക്കും ഇന്ത്യയിലെ വില.

 ഗ്രാൻലുസോ, ഗ്രാൻസ്​പോർട്ട്​ എന്നിങ്ങനെ രണ്ട്​ ഒാപ്​ഷനുകളിൽ കാർ ഇന്ത്യയിലെത്തും. നാല്​ ഡോറുകളുള്ള കാര്‍ ആഢംബരത്തിനു പേരുകേട്ടതാണ്. റോയൽ ബ്ലൂ നിറത്തിൽ ​ഐവറി ഇൻറീരിയറാണ് വാഹനത്തിന്. ഗ്രാൻലുസോ വേരിയൻറിൽ ക്രോം ഇൻസേർട്ടുകൾ, ബോഡി കളർ സൈഡ്​ സ്​കേർട്ടുകൾ, ബംപർ സ്​പോയിലർ, അലോയ്​ വീലുകൾ എന്നിവയുണ്ടാകും. ഗ്രാൻസ്​പോർട്ടിനെ കുറച്ച്​ കൂടി സ്​പോർട്ടിയായാണ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​.

ടർബോ വി 8 എൻജിനാണ്​ കാറിന്​ കരുത്ത്​ പകരുക. 522 ബി.എച്ച്​.പി കരുത്ത്​ 6500-6800 ആർ.പി.എമ്മിലും 710- എൻ.എം ടോർക്ക്​ 2250- 3500 ആർ.പി.എമ്മിലും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. പൂജ്യത്തില്‍ നിന്നും 100ലെത്താൻ 4.7 സെക്കൻഡ്​ മാത്രം മതി. മണിക്കൂറിൽ 310 കിലോ മീറ്ററാണ്​ പരമാവധി വേഗത.