തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിന് അത്യാധുനിക സംവിധാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഓരോ ജില്ലയിലും അത്യാധുനിക ഇന്റർസെപ്റ്റർ വാഹനങ്ങൾ നിരത്തിലിറക്കാന്‍ വകുപ്പ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനം തടഞ്ഞുനിർത്താതെ തന്നെ ഉടമയെ തിരിച്ചറിഞ്ഞ് നോട്ടിസ് അയയ്ക്കുന്നതിനുള്ള സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
സ്മാർട് ഇൻഫോ എന്ന സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഇന്‍റര്‍സെപ്ടര്‍ വാഹനത്തില്‍ 180 ഡിഗ്രി വൈഡ് ആംഗിൾ തിരിയാന്‍ സാധിക്കുന്ന വിഡിയോ ക്യാമറ, ഹെഡ്‌ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ, അമിത വേഗം കണ്ടെത്തുന്ന റഡാർ, മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടിക്കുന്ന ബ്രത്തലൈസർ, ജനൽ ഗ്ലാസിന്റെ സുതാര്യത പരിശോധിക്കാൻ ഒപാസിറ്റി മീറ്റർ, ഹോണിന്റെ ശബ്ദ തീവ്രത അളക്കുന്ന ഡെസിബെൽ മീറ്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടാവും. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ ക്യാമറ കണ്ടെത്തും.
ഇമെയിൽ, എസ്എംഎസ് എന്നിവ മുഖേനയാവും പിഴ അടക്കാനുള്ള നോട്ടീസ് ഉടമകളെ തേടിയെത്തുക. പിഴ ഇ പേയ്മെന്റ് വഴി അടയ്ക്കാം. ഉപകരണങ്ങൾ ഘടിപ്പിച്ച് ഒരു മാസത്തിനുള്ളിൽ ഇന്റർസെപ്റ്റർ വാഹനങ്ങൾ നിയമലംഘനം പിടികൂടിത്തുടങ്ങും.
മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി സര്‍ക്കാര്‍ വാങ്ങിയ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്‍തിരുന്നു.
