Asianet News MalayalamAsianet News Malayalam

എതിരാളികള്‍ ഇനി വിറയ്ക്കും; കോംപസ് ബ്ലാക്ക് പാക്ക് എത്തി!

പുതിയൊരു കോംപസ് കൂടി നിരത്തിലേക്കെത്തുന്നു. ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് വകഭേദത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച കോംപസ് ബ്ലാക് പാക്ക് എഡിഷനാണ് ഇന്ത്യയില്‍ വിപണിയിലെത്തിയത്.  20.59 ലക്ഷം രൂപയാണ് വില.
 

Jeep compass black pack edition launched
Author
Delhi, First Published Sep 16, 2018, 11:25 PM IST

ഇന്ത്യന്‍ നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് ജീപ്പ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു കോംപസ് കൂടി നിരത്തിലേക്കെത്തുന്നു. ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് വകഭേദത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച കോംപസ് ബ്ലാക് പാക്ക് എഡിഷനാണ് ഇന്ത്യയില്‍ വിപണിയിലെത്തിയത്.  20.59 ലക്ഷം രൂപയാണ് വില.

സണ്‍ റൂഫ്, പവര്‍ സീറ്റ്, 8.4 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഈ മോഡലില്‍ അധികമായി നല്‍കുക. കോംപസിലെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക് ഫിനീഷിങ് നല്‍കിയാവും രൂപകല്‍പ്പന. ബ്ലാക്ക് ഫിനീഷിങ് റൂഫിനൊപ്പം റിയര്‍വ്യൂ മിറര്‍, അലോയി വീല്‍ എന്നിവയ്ക്കും കറുപ്പ് നിറം നല്‍കിയിട്ടുണ്ട്. ബ്ലാക്ക് ലെതിറില്‍ തീര്‍ത്ത സീറ്റുകള്‍ക്കൊപ്പം ഡാഷ്‌ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളും ലെതര്‍ ഫിനീഷിങ്ങിലാണ്തീര്‍ത്തിരിക്കുന്നത്. 

കോംപസിന്റെ മറ്റ് മോഡലുകളില്‍ നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നയൊണ് പുതിയ കോമ്പസ് പതിപ്പിലും. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ബ്ലാക് പാക്ക് എഡിഷന് മൂന്നു നിറപതിപ്പുകളുണ്ട്. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, മാഗ്‌നീസിയൊ ഗ്രെയ് എന്നീ മൂന്നുനിറങ്ങള്‍ കോമ്പസ് ബ്ലാക് പാക്ക് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. കറുത്തുതിളങ്ങുന്ന മിററുകളും അലോയ് വീലുകളും വാഹനത്തെ വേറിട്ടതാക്കുന്നു. ലിമിറ്റഡ് വകഭേദത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും.

പതിവു ഇരട്ടനിറ ശൈലി പുതിയ കോമ്പസ് പതിപ്പിന്റെ അകത്തളത്തിലില്ല. പകരം പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലമാണ് ഉള്ളില്‍. സെന്റര്‍ കണ്‍സോളിലും ഡോര്‍ ഘടനകളിലും ക്രോം അലങ്കാരം ഒരുങ്ങുന്നുണ്ട്. 

ഓഫ് റോഡ് മേഖലയില്‍ സാന്നിധ്യമറിയിക്കുന്നതിന്റെ ഭാഗമായി കോംപസിന്റെ ട്രെയില്‍ഹോക്ക് എന്ന മോഡലും കൂടി എത്തിക്കുന്നുണ്ട്. 2.0 ഡീസല്‍ എന്‍ജിനൊപ്പം ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലായിരിക്കും ട്രെയില്‍ഹോക്ക് എത്തുക.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.

2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു. 2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം. ബ്രസീലിലാണ് ആദ്യമായി വിപണിയിലെത്തിയത്. ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിലും കോംപസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.

രാജ്യത്തെ വിവിധ ഓട്ടോമൊബൈൽ മാസികകളും സൈറ്റുകളും നല്‍കിയ നിരവധി പുരസ്കാരങ്ങളും ഇതുവരെ കോംപസിനെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച വാഹനം എന്ന പുരസ്കാരം ഏഴ് എണ്ണം ലഭിച്ചപ്പോൾ ഏറ്റവും മികച്ച എസ് യു വി എന്ന പുരസ്കാരം 19 എണ്ണമാണ് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios