ഐക്കണിക്ക് അമേരിക്കന്‍ വാഹ നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയ എസ്‍യുവി കോംപസിന്‍റെ ഡീസല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലോഞ്ചിറ്റിയൂഡ്, ലിമിറ്റഡ് പ്ലസ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 21.96 ലക്ഷം രൂപയും 24.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിനാണ് ജീപ്പ് കോംപസ് ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഹൃദയം. 173 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കി.

8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഡുവല്‍ പെയ്ന്‍ പനോരമിക് സണ്‍റൂഫ്, തുകല്‍ സാന്നിധ്യമുള്ള കാബിന്‍, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍ (ഐആര്‍വിഎം), ആറ് എയര്‍ബാഗുകള്‍ എന്നിവ ലിമിറ്റഡ് പ്ലസ് വേരിയന്റിലെ ഫീച്ചറുകളാണ്.

റിവേഴ്‌സ് കാമറ, ഡൈനാമിക് ഗൈഡ്‌ലൈനുകള്‍ എന്നിവ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവ ലോഞ്ചിറ്റിയൂഡ് വേരിയന്റില്‍ നല്‍കിയിരിക്കുന്നു. ഓട്ടോ, സാന്‍ഡ്, മഡ്, സ്‌നോ എന്നീ നാല് മോഡുകള്‍ സഹിതം ‘സെലക്ടെറെയ്ന്‍’ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും നല്‍കി.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് ആദ്യ കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.