
1948ലാണ് ജീപ്പിന്റെ മോഡലുകൾ ഇന്ത്യയിൽ അസംബിൾ ചെയ്തു വിൽക്കാനുള്ള ലൈസൻസ് മഹീന്ദ്ര സ്വന്തമാക്കിയത്. വില്ലീസ് ജീപ്പായിരുന്നു തുടക്കം. തുടർന്നു വന്ന മോഡലുകൾക്കും 'ജീപ്പി'ന്റെ മുഖഛായയായിരുന്നു. ഇന്ത്യക്കാരന്റെ മനസ്സിൽ ജീപ്പെന്നാൽ മഹീന്ദ്ര എന്ന കോൺസെപ്റ്റ് കടന്നു കൂടാൻ കാര്യം അതാണ്.
ജീപ്പ്

അമേരിക്കൻ കമ്പനിയായ ജീപ്പാണ് ലോകത്തിലെ ആദ്യത്തെ എസ്‌യുവിയായ വില്ലീസ് സ്റ്റേഷൻ വാഗൺ 1941ൽ നിർമ്മിച്ചത്. ലോകമഹായുദ്ധകാലത്തെ പ്രധാന പോരാളികൾ ജീപ്പിന്റെ എസ്‌യുവികളായിരുന്നു എന്നു പറയാം. പല പല കൈമറിഞ്ഞ് ഇപ്പോൾ ഫിയറ്റിന്റെ ഉടമസ്ഥതയിലാണ് ജീപ്പ്. ഇന്ത്യയിൽ അല്പകാലമേ ആയുള്ളു ജീപ്പ് എത്തിയിട്ട്. ഗ്രാന്റ് ചെരോക്കി, റാംഗ്ലർ തുടങ്ങിയ, ഇറക്കുമതി ചെയ്ത മോഡലുകളാണ് ആദ്യം വന്നത്. കോംപസാകട്ടെ, ഫിയറ്റിന്റെ മഹാരാഷ്ട്ര പ്ലാന്റിൽ അസംബ്ൾ ചെയ്തു പുറത്തുവരുന്ന 'മെയ്ക്ക് ഇൻ ഇന്ത്യ' മോഡലാണ്.
കോംപസ്
2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു.
2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം. ബ്രസീലിലാണ് ആദ്യമായി വിപണിയിലെത്തിയത്. ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിലും കോംപസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ വലിയ പ്രതീക്ഷയോടെ 1768 കോടി രൂപ മുടക്കിയാണ് ജീപ്പ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലാദ്യമായി ഡോറുകൾ ഘടിപ്പിക്കാൻ ലേസർ വെൽഡിങ് ടെക്‌നോളജി ഉപയോഗിക്കുന്നതുൾപ്പെടെ, ഈ പ്ലാന്റിന് പുതുമകൾ ഏറെയാണ്.

കാഴ്ച
ആദ്യം ഒരു ഏകദേശ താരതമ്യമാവാം. 20 ലക്ഷത്തോളം വിലവരുന്ന ഡീസൽ ഓട്ടോമാറ്റിക് എസ്‌യുവിയായ ഹ്യുണ്ടായ് ക്രെറ്റയുടെ വലിപ്പവുമായൊന്നു താരതമ്യപ്പെടുത്താം. നീളം: ക്രെറ്റ: 4270 മി.മീ, കോംപസ് 4420 മി.മീ. വീതി: 1780/1820, ഉയരം: 1630/1650 അതായത് ക്രെറ്റയെക്കാൾ അല്പം കൂടി വലിപ്പമുള്ള വാഹനമാണ് കോംപസ്സെന്നർത്ഥം. ജീപ്പിന്റെ ഡിഎൻഎകളെല്ലാം പ്രകടമാണ് കോംപസിന്റെ ഡിസൈനിൽ.
ചതുരവടിവുള്ള രൂപമാണ് മുൻ ഭാഗത്ത്. 7 സ്ലോട്ടുകളുള്ള സ്‌ക്വയർ ഗ്രില്ലാണ് കോംപസിന് ഗ്രാന്റ് ചെരോക്കിയുടെ കുടുംബഛായ തോന്നാൻ കാരണം. ക്രോമിയം ലൈനുകളാണ് ഈ സ്ലോട്ടുകളിലും. അതിനു താഴെ നീണ്ട എയർഡാമുണ്ട്. അതിനു താഴെ കാണുന്ന ഭാഗവും ഗ്രില്ലിന്റെ സ്ലോട്ടുകളുമൊന്നും ഓപ്പണല്ല. എഞ്ചിനിലേക്ക് തുറന്നിരിക്കുന്ന ഭാഗം ഗ്രില്ലിനു താഴെയുള്ള മെലിഞ്ഞു നീണ്ട എയർഡാം മാത്രമാണ്.

മുൻഭാഗത്ത് ഏറ്റവും മനോഹരമായത് എൽഇഡി ഹെഡ്‌ലാമ്പാണ്. ബോഡിയോടു ചേർന്നു നിൽക്കുന്ന രീതിയിൽ, ബോഡിയുടെ കയറ്റിറക്കങ്ങൾക്കനുസരിച്ചാ ണ് ഹെഡ്‌ലാമ്പും കൊടുത്തിരിക്കുന്നത്. അതിന്മേൽ ഡേ ടൈം റണ്ണിങ് ലാമ്പുകളും കാണാം. ഹെഡ്‌ലാമ്പിനു താഴെ ക്രോമിയം സ്ലോട്ടിനുള്ളിലാണ് ഫോഗ്‌ലാമ്പ്. ഏറ്റവും താഴെ സ്‌കഫ് പ്ലേറ്റിന്റെ ഭാഗത്തും ക്രോമിയം ലൈനുണ്ട്. ഉയർന്ന ബോണറ്റിന്റെയും ബോഡിയുടെ മറ്റു ഭാഗങ്ങളുടെയും ഷാർപ്പ് എഡ്ജുകൾ ജീപ്പിന്റെ സവിശേഷതയാണ്. വീൽ ആർച്ചിനുപോലും ചതുരവടിവാണുള്ളത്. ബെൽറ്റ് ലൈനും വളരെ ഷാർപ്പാണ്. വിൻഡോയ്ക്ക് ക്രോമിയം ലൈൻ കൊടുത്തിട്ടുണ്ട്
.
കോംപസ് എന്ന ബാഡ്ജിങ് വശങ്ങളിൽ മാത്രമാണുള്ളത് എന്നത് കൗതുകകരമായിത്തോന്നി.റൂഫ് ലൈൻ ചാഞ്ഞിറങ്ങുന്ന ഭാഗവും 'ഡി'പില്ലറുമെല്ലാം റേഞ്ച് റോവർ ഇവോക്കിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
വിൻഡോയുടെ ക്രോമിയം ലൈൻ 'ഡി' പില്ലറിലൂടെ ഒഴുകിയിറങ്ങി, പിൻവിൻഡ് ഷീൽഡിലേക്കു ചേരുന്നതു കാണാൻ രസമുണ്ട്. ഏറ്റവും ഗംഭീരമായത് എൽഇഡി ടെയ്ൽ ലാമ്പിന്റെ ഡിസൈനാണ്. അത്ര വലുതല്ലാത്ത പിൻവിൻഡ് സ്‌ക്രീ നും ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലറും പിൻഭാഗത്തെ ഡിസൈന് ഭംഗിയേറ്റുന്നുണ്ട്. പിന്നിൽ, താഴെയായി കറുത്ത ക്ലാഡിങ്ങുണ്ട്, അതിന്മേൽ സ്റ്റോപ്പ് ലൈറ്റുകളും. ബൂട്ട്‌സ്‌പേസ് 408 ലിറ്ററാണ്. പിൻസീറ്റ് ഫോൾഡ് ചെയ്താൽ ഇത് 1200 ലിറ്ററായി
ഉയരും.
ഉള്ളിൽ
ഗംഭീരമെന്നു തോന്നിക്കുന്ന ഇന്റീരിയറാണ് കോംപസിന്റേത്. ഉയർന്ന ഡാഷ്‌ബോർഡും അവശ്യം വേണ്ട സൗകര്യങ്ങളുമൊക്കെയാണ് സ്‌നോവൈറ്റും ബ്ലാക്കും നിറങ്ങളുള്ള ഇന്റീരിയറിനുള്ളത്. സോഫ്റ്റ്ടച്ച് ലെതറും മനോഹരമായ ക്രോമും ഉള്ളിൽ പിശുക്കില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. പ്രീമിയം ആൽപ്പൈൻ ലെതറാണ് സീറ്റ് അപ്‌ഹോൾസ്റ്ററിക്ക് നൽകിയിരിക്കുന്നത്. ഏതായാലും സ്‌നോവൈറ്റ് ഇൻരീയർ ചെളി പുരളാതെ സൂക്ഷിക്കാൻ നന്നായി യത്‌നിക്കേണ്ടി വരുമെന്നുറപ്പ്. ലെതർ പൊതിഞ്ഞ സ്റ്റിയറിങ് വീലും ഭംഗിയായി ഡിസൈൻ ചെയ്ത പാഡഡ് ഡോർപാഡുകളും പ്രീമിയം ഫീൽ നിലനിർത്തിയിട്ടുണ്ട്.

ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ 7 ഇഞ്ച് ടച്ച് സ്‌ക്രീനിന് അല്പം കൂടി വലിപ്പമാകാമായിരുന്നു എന്നു തോന്നി. എന്തായാലും വോയ്‌സ് കമാൻഡും ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുമൊക്കെയുള്ള സിസ്റ്റമാണിത്. മികച്ച മ്യൂസിക് സിസ്റ്റവും 6 സ്പീക്കറുകളുമുണ്ട്. ഡ്രൈവർ സീറ്റ് മാനുവലി അഡ്ജസ്റ്റ് ചെയ്യാം. പിൻസീറ്റ് ഇന്ത്യയ്ക്കുവേണ്ടി മെച്ചപ്പെടുത്തിയതാണ്. മൂന്നുപേർക്ക് സുഖമായി ഇരിക്കാം. ലെഗ്‌റൂമിനും ഹെഡ്‌റൂമിനും യാതൊരു കുറവുമില്ല.
എഞ്ചിൻ
2 ലിറ്റർ ഡീസൽ (173 ബിഎച്ച്പി) 1.4 ലിറ്റർ പെട്രോൾ (160ബിഎച്ച്പി) എഞ്ചിനുകളാണ് കോംപസിന് ഇന്ത്യയിലുണ്ടാവുക. ഡീസൽ എഞ്ചിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉടനെയില്ല. പെട്രോളിന് 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് വേരിയന്റുമുണ്ട്. ഗോവയിൽ നടന്ന മീഡിയ ഡ്രൈവിൽ എല്ലാവർക്കും ലഭിച്ചത് ഡീസൽ മാനുവൽ മോഡലാണ്. 350
ന്യൂട്ടൺ മീറ്റർ ടോർക്ക് തരുന്ന ഈ എഞ്ചിൻ ഫിയറ്റിന്റെ മൾട്ടിജെറ്റ് എഞ്ചിൻ തന്നെയാണ്. 1750 ആർപിഎമ്മിൽ ടോർക്കിന്റെ ആവേശം പിൻബലമേകുന്ന ഈ എഞ്ചിൻ പെട്രോൾ എഞ്ചിന്റെ ഹരം സമ്മാനിക്കുന്നുണ്ട്. ലാഗൊന്നും പറയാനേയില്ല. പനാജി നഗരത്തിലും ഓഫ് റോഡിനായി തുറന്നു തന്ന എസ്റ്റേറ്റ് റോഡിലുമെല്ലാം ജീപ്പിന്റെ പൗരുഷം കാത്തുസൂക്ഷിച്ചു, ഈ എഞ്ചിൻ.

ഫോർവീൽ ഡ്രൈവ് വേരിയന്റിന് ടെറെയ്ൻ സെലക്ട് സിസ്റ്റവുമുണ്ട്. മഡ്, സ്‌നോ, സാൻഡ് എന്നിങ്ങനെ ടെറെയ്‌നനുസരിച്ച് ഫോർവീൽ ഡ്രൈവിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാം.
ഫ്രീക്വൻസി സെലക്ടീവ് ഡാമ്പിങ് ഉള്ള ഓൾ ഇൻഡിപെൻഡന്റ് സസ്‌പെൻഷൻ ഏത് ഭൂപ്രകൃതിയിലും സുഖകരമായ യാത്ര നൽകുന്നു. ബോഡി റോൾ പറയത്തക്കതായില്ല.

ഫോർ ചാനൽ എ ബി എസ്, 6 എയർബാഗുകൾ, ഹിൽ ഡിസന്റ്-അസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സുരക്ഷാസന്നാഹങ്ങളും
കോംപസിലുണ്ട്. വില-അതുമാത്രമാണ് ഇനി അറിയാനുള്ളത്. 20-28 ലക്ഷം രൂപയിൽ വില പിടിച്ചുനിർത്താൻ കഴിഞ്ഞാൽ കോംപസ് വില്പനയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. കാരണം, കോംപസിനു പിന്നാലെയാണിപ്പോൾ ഇന്ത്യയിലെ വാഹനപ്രേമികൾ.

