മുംബൈ: അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് മോഡലുകളുടെ വിലയിൽ വന്‍കുറവ്. 18.5 ലക്ഷം രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ജീപ്പ് ഗ്രാൻഡ് ചോർക്കി ലിമിറ്റഡ് മോഡലിനാണ് വൻ കുറവ് വരുത്തിയിരിക്കുന്നത്. ഗ്രാൻഡ് ചെറോക്കി സമ്മിറ്റിന് 17.85 ലക്ഷം രൂപയുടെ കുറവ് ലഭിക്കും. ഗ്രാൻഡ് ചെറോക്കി ലിമിറ്റഡ് ഡീസൽ മോഡലിന് നിലവിൽ 93.64 ലക്ഷവും ഗ്രാൻഡ് ചോർക്കി സമ്മിറ്റ് ഡീസലിന് 1.03 കോടിയുമാണ് വില.
ജീപ്പിന്റെ റാങ്ക്ലര്‍ അൺലിമിറ്റഡ് 7.14 ലക്ഷം രൂപയുടെ കുറവാണ് ലഭിക്കുക. ഈ മോഡല്‍ ഇനി 64.45 ലക്ഷം രൂപക്ക് ലഭ്യമാവും. ഗ്രാൻഡ് ചെറോക്കി എസ്.ആർ.ടിയുടെ വിലയിൽ 5 ലക്ഷം രൂപയും കുറച്ചു.
ജി.എസ്.ടി നിലവിൽ വന്നതോടെ രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളെല്ലാം വില കുറച്ചിരുന്നു. എസ്.യു.വികളുടെ വിലയിൽ വൻ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ജീപ്പും വില കുറച്ച് രംഗത്തെത്തിയിരിക്കുന്നത്.
മാത്രമല്ല ജൂലൈ 31ന് ഇന്ത്യന്‍ നിര്‍മ്മിത കോംപസിനെയും ജീപ്പ് വിപണിയിലിറക്കാനൊരുങ്ങുകയാണ്. വാഹനലോകം ഏറെ പ്രതീക്ഷയോടെയാണ് കോംപസിന്‍റെ വരവിനെ കാത്തിരിക്കുന്നത്. കോംപസിന്‍റെ വരവിനു മുന്നോടിയായി മറ്റ് മോഡലുകളുടെ വിലയില്‍ വരുത്തിയിരിക്കുന്ന വന്‍ കിഴിവ് വാഹന പ്രേമികള്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
