കണ്ണൂര്‍: ലോകോത്തര റോക്ക് ബാന്‍ഡായ ബീറ്റില്‍സിന്റെ അബ്ബേ റോഡ് എന്ന ആല്‍ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ത്രിമാന സീബ്രാ ക്രോസ് കണ്ണൂരില്‍. റോഡ് സുരക്ഷയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് കേരളാപോലീസ് തന്നെയാണ് ഇത്തരം ഒരു സീബ്രക്രോസ് പണിതത്.

ത്രീഡി സീബ്രാ ക്രോസിലൂടെ സ്റ്റുഡന്റ് പോലീസ് കോഡറ്റുകള്‍ നില്‍ക്കുന്ന ചിത്രമാണ് കണ്ണൂര്‍ കളക്ടര്‍ മിര്‍ മുഹമ്മദ് അലി പുറത്തുവിട്ടത്. പിന്നീട് ബീറ്റില്‍സിന്റെ ചിത്രം അടക്കം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തു. അബ്ബേ റോഡ് എന്ന ആല്‍ബത്തില്‍ ബീറ്റില്‍സിന്റെ സ്ഥാപകരായ ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ട്ടിനി, ജോര്‍ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവര്‍ ലണ്ടനിലെ അബ്ബേ റോഡ് സ്റ്റുഡിയോക്ക് പുറത്തെ റോഡിലൂടെ നടക്കുന്ന ദൃശ്യം ഉണ്ടായിരുന്നു. 

ഇത് പുനരാവിഷ്‌കരിക്കുകയാണ് കണ്ണൂര്‍ പോലീസ്. കണ്ണവം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശിക കലാകാരന്മാര്‍ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്. 

ഫോട്ടോ ഹിറ്റ് ആയതോടെ പോലീസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തുവന്നിരിക്കുന്നത്. പണ്ട് 2013ല്‍ കൊല്‍ക്കത്ത പോലീസ് ഈ ചിത്രം ഉപയോഗിച്ച് റോഡ് സുരക്ഷയെക്കുറിച്ച് സന്ദേശം പ്രചരിപ്പിച്ചിരുന്നു.