തൃശ്ശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചികാലസമരം ആരംഭിക്കുന്നു. യാത്രാനിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന് ഒരുങ്ങുന്നത്. 

നവംബര്‍ 20-ന് സൂചന പണിമുടക്ക് നടത്തുമെന്ന് 21 മുതല്‍ അനിശ്ചികാലസമരം ആരംഭിക്കുമെന്നും തൃശ്ശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബസുടമകള്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിനുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. 

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം മിനിമം യാത്രാനിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്നും പത്ത് രൂപയായി വർധിപ്പിക്കണം.

 വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അൻപത് ശതമാനമെങ്കിലും കൂട്ടണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ബസ് ചാർജ് വർദ്ധന കൊണ്ടു മാത്രം കാര്യമില്ലെന്നും ബസുടമകൾ വ്യക്തമാക്കി. 

ഇതോടൊപ്പം പുതിയ ​ഗതാ​ഗതനയം രൂപീകരിക്കണമെന്നും കെഎസ്ആർടിസിയിലൂടെ വിദ്യാർത്ഥികൾക്ക് കൺസെഷൻഅനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.