തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ സംഭാഷണ ശകലത്തെ കൂട്ട് പിടിച്ച് പോലീസ് ഇറക്കിയ ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം
സോഷ്യല്‍ മീഡിയയില്‍ വൈറലാണ് കേരള പൊലീസിന്‍റെ ഓരോ ട്രോളും. ഒരേസമയം ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് പൊലീസ് ഈ ട്രോളുകളിലൂടെ. തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ സംഭാഷണ ശകലത്തെ കൂട്ട് പിടിച്ച് പോലീസ് ഇറക്കിയ ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ഓളാ തട്ടമിട്ട് കഴിഞ്ഞാലെന്റെ സാറേ.... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല എന്ന ഹിറ്റ് ഡയലോഗിനെ കൂട്ടുപിടിച്ചാണ് പുതിയ ട്രോള്‍.
പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ് ഈ ട്രോള്‍. ‘ഓനാ ഹൈ ബീം ലൈറ്റ്ട്ട് കഴിഞ്ഞാ… എന്റെ സാറെ’എന്നാണ് ട്രോളിലൂടെ പൊലീസ് പറയുന്നത്.
ഹൈ ബീം ലൈറ്റ് ഉപയോഗിക്കുമ്പോൾ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡിൽ നിന്ന് പുറത്തേയ്ക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാക്കുന്നുവെന്നാണ് ട്രോളിലൂടെ പൊലീസ് ഓര്‍മ്മിപ്പിക്കുന്നത്. എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റർ അകലമെത്തുമ്പോഴെങ്കിലും ലോ ബീം ലൈറ്റിലേയ്ക്ക് മാറണമെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.
എന്തായാലും അടുത്തകാലത്തായി പൊലീസിന്‍റെ മറ്റെല്ലാ ട്രോളുകളെയും പോലെ ഇതും സോഷ്യല്‍മീഡിയ നെഞ്ചേറ്റിക്കഴിഞ്ഞു. നിരവധിയാളുകളാണ് ലൈക്കും കമന്‍റുമായി പോസ്റ്റിനെ സ്വീകരിച്ചിരിക്കുന്നത്.
