തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി കേരള പൊലീസിന്‍റെ ഫേസ് ബുക്ക് പേജ് സോഷ്യല്‍ മീഡിയയിലെ താരാമാണ്. ഇപ്പോഴിതാ ട്രാഫിക്ക് പൊലീസിന്‍റെ പേജും അതുപോലെയാകുകയാണ്. റോഡ് നിയമങ്ങളെക്കുറിച്ചും മറ്റും വളരെ രസകരമായ ട്രോളുകളിലൂടെ ബോധവല്‍ക്കരണം നടത്തുകയാണ് ഈ പേജിലൂടെ ട്രാഫിക്ക് പൊലീസ്. കഴിഞ്ഞദിവസം ഹെല്‍മറ്റിനെക്കുറിച്ച് പൊലീസ് പങ്കു വച്ച ട്രോള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നു.

പ്രണയാഭ്യര്‍ത്ഥന നടത്തുന്ന യുവാവും പെണ്‍കുട്ടിയുമാണ് ട്രോളിലെ കഥാപാത്രങ്ങള്‍. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലിരിക്കുന്ന യുവാവിനോട് ആദ്യം അതിലൊരു തീരുമാനമാക്കിയിട്ട് മോന്‍ വാ എന്നു പെണ്‍കുട്ടി പറയുന്നതാണ് ട്രോള്‍. ഇപ്പോഴത്തെ പിള്ളേരെല്ലാം പ്രാക്ടിക്കലാണെന്നും ഇരുചക്ര വാഹന യാത്രയിൽ ഹെൽമെറ്റ് ശീലമാക്കണമെന്നും ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റിന് കമന്‍റും ഷെയറുകളുമായി നിരവധിയാളുകളാണ് എത്തുന്നത്.