ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഢംബര ബ്രാന്‍റാണ് ലക്സസ്. ഇപ്പോഴിതാ വില കുറഞ്ഞ ആഢംബര എസ്.യു.വി പുറത്തിറക്കി ഇന്ത്യൻ വിപണി പിടിക്കാനൊരുങ്ങുകയാണ് ലക്സസ്. എൻ.എക്സ് 300 എച്ച് എന്ന മോഡലിലുടെ വിപണിയിൽ ആധിപത്യം നേടാനാണ് കമ്പനിയുടെ ശ്രമം.
55.58 ലക്ഷമാണ് കാറിന്‍റെ ഇന്ത്യൻ വിപണിയിലെ വില. നിലവിൽ ബുക്കിങ്ങിനുള്ള സൗകര്യമാണ് കമ്പനി നൽകുന്നത്. അടുത്ത വർഷം മാർച്ചിലാണ് ഡെലിവറി ആരംഭിക്കുക.
2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തിന്‍റെ ഹൃദയം. രണ്ടുംകൂടി 194 ബി.എച്ച്.പി കരുത്ത് നൽകും. ലക്സസിന്റെ പരമ്പരാഗത ഗ്രില്‍, എൽ.ഇ.ഡി ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍, വീൽ ആർച്ചുകൾ പ്ലാസ്റ്റിക് ക്ലാഡിങ് തുടങ്ങിയവ പ്രത്യേകതകളാണ്.
വിശാലമായ അകത്തളങ്ങൾ, ലെതർ അപ്ഹോളിസ്റ്ററി, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ്സ് ചാർജിങ്, 10.3 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. എട്ട് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കുകൾ എന്നിവയാണ് സുരക്ഷ ഒരുക്കുന്നത്. സ്റൈബിലിറ്റി കണ്ട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നീ സൗകര്യങ്ങളും വാഹനത്തിലുണ്ട്.
ഇക്കോ, നോർമൽ, സ്പോർട്ട്, സ്പോർട്ട് പ്ലസ്, കസ്റ്റം എന്നിങ്ങനെ വിവിധ മോഡുകളിൽ ലക്സസ് ഡ്രൈവ് ചെയ്യാം. 18.32 കിലോ മീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ബെൻസ് ജിഎൽഎ, ഓഡി ക്യു3 എന്നിവയാകും വാഹനത്തിന്‍റെ മുഖ്യ എതിരാളികൾ.
