മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തെപ്പറ്റിയുള്ള കൗതുക വാര്‍ത്തകള്‍ ഇപ്പോള്‍ വാഹന ലോകത്തും സജീവ ചര്‍ച്ചാവിഷയമാണ്. ആയിരത്തോളം ആഢംബര കാറുകളാണ് വിവാഹത്തോട് അനുബന്ധിച്ചുള്ള ഗതാഗത സൗകര്യത്തിനായി ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉദയ്‍പൂര്‍: മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തെപ്പറ്റിയുള്ള കൗതുക വാര്‍ത്തകള്‍ ഇപ്പോള്‍ വാഹന ലോകത്തും സജീവ ചര്‍ച്ചാവിഷയമാണ്. ആയിരത്തോളം ആഢംബര കാറുകളാണ് വിവാഹത്തോട് അനുബന്ധിച്ചുള്ള ഗതാഗത സൗകര്യത്തിനായി ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാഗ്വാര്‍, പോര്‍ഷേ, മെഴ്‌സിഡസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ലോകത്തിലെ എല്ലാ ആഢംബര വാഹന നിര്‍മ്മാതാക്കളുടെയും മുന്തിയ ഇനം മോഡലുകളാണ് അതിഥികള്‍ക്കായി അണിനിരക്കുന്നത്. അതിഥികളുമായി വിവാഹ വേദിയിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും വിമാനത്താവളങ്ങളിലേക്കുമൊക്കെ തലങ്ങും വിലങ്ങും പായുകയാണ് ഈ വാഹനങ്ങളുടെ ചുമതല. 

ഡിസംബര്‍ 12നാണ് അംബാനി പുത്രി ഇഷയും ആനന്ദ് പിരമലും തമ്മിലുള്ള വിവാഹം. ഇതിന് മുന്നോടിയായി ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ഉദയ്‍പൂരിൽ ആഘോഷച്ചടങ്ങുകള്‍ നടക്കുന്നുണ്ട്. ലോകത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന വിവാഹത്തിനായി ഉദയ്‍പൂര്‍ വിമാനത്താവളത്തിലിറങ്ങുന്നത് 200 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സാധാരണയായി ഉദയ്‍പൂര്‍ വിമാനത്താവളത്തില്‍ നിന്നും 19 സര്‍വീസുകളാണുള്ളത്. എന്നാൽ വിവാഹത്തോടനുബന്ധിച്ച് അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ വിമാനസര്‍വീസുകള്‍ നടത്തുമെന്നാണ് റിപ്പോർട്ടുകള്‍.

ആഢംബരത്തിന്റെയും പണക്കൊഴുപ്പിന്‍റെയും സമ്മേളനമായിരിക്കും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനത്തിലെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടല്‍മുറികളും ഇതിനകം തന്നെ ബുക്ക് ചെയ്‍തു കഴിഞ്ഞു. എന്തായാലും അടുത്ത ആഴ്ച രാജ്യത്തെ പ്രധാന ശ്രദ്ധാകേന്ദ്രം ഉദയ്‍പൂര്‍ ആയിരിക്കുമെന്ന് ഉറപ്പ്.