ഇരുചക്രവാഹനങ്ങളുമായെത്തി ഏഴുകിലോമീറ്റര്‍ വഴിമാറി ഓടിയ  ലോറിക്ക് ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വകുപ്പ് പിഴയായി ചുമത്തിയത് 18,96,000 രൂപ. ഒടുവില്‍ കോടതി ഇത് വെറും 5000 ആയി ചുരുക്കി. തമിഴ്‍നാട്ടിലാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുണെയില്‍നിന്ന്  40 ഇരുചക്ര വാഹനങ്ങളുമായി തമിഴ്‌നാട്ടിലെ വിരുതുനഗറിലേക്ക് എത്തിയതായിരുന്നു ലോറി. പക്ഷേ ഡ്രൈവര്‍ക്ക് വഴിതെറ്റി വാഹനം ശിവകാശിയിലെത്തി. തുടര്‍ന്ന് അവിടെ വാഹന പരിശോധന നടത്തിയ ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ ലോറിയും ചരക്കും പിടികൂടി 18,96,000 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഭീമമായ ഈ പിഴയ്ക്കെതിരെ വിരുതുനഗറിലെ ഇരുചക്രവാഹന വ്യാപാരി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നികുതി കൃത്യമായി അടച്ചതാണെന്നും നികുതി വെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ലെന്നും കോടതി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ലോറിഡ്രൈവര്‍ ചോദ്യംചെയ്യലില്‍ സഹകരിച്ചില്ലെന്നും അതിനാലാണ് ലോറി പിടികൂടിയതെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.  പക്ഷേ വഴിതെറ്റിയതാണെന്ന വ്യാപാരിയുടെ വാദം ശരിവച്ച കോടതി, ലോറി ഡ്രൈവറും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയത്തില്‍ വന്ന പ്രശ്‍നമാണിതെന്നും കണ്ടെത്തി. 

തുടര്‍ന്ന് 5000 രൂപ പിഴ ഈടാക്കി വസ്തുവും ലോറിയും വിട്ടുനല്‍കാന്‍ ഉത്തരവിടുകയായിരുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്യരുതെന്ന് ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ക്ക് കോടതി മുന്നറിയിപ്പും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.