എംപിവി സെഗ്‌മെന്റില്‍ ടൊയോട്ടയുടെ ജനപ്രിയവാഹനം  യു 321

എംപിവി സെഗ്‌മെന്റില്‍ ടൊയോട്ടയുടെ ജനപ്രിയവാഹനം ഇന്നോവ ക്രിസ്റ്റയ്ക്ക് ഇരുട്ടടിയുമായി മഹീന്ദ്ര അവതരിപ്പിക്കുന്ന വാഹനത്തിന്‍റെ ഔദ്യോഗിക നാമം ഉടന്‍ പുറത്തുവിടും. അടുത്ത ചൊവ്വാഴ്ചയാണ് വാഹനത്തിന്‍റെ പേരിടല്‍ പരിപാടി. യു 321 എന്ന കോഡ് നാമത്തിലാണ് നിലവില്‍ വാഹനം ഒരുങ്ങുന്നത്. വാഹനം സെപ്തംബറില്‍ വിപണിയിലെത്തിയേക്കുമെന്ന് സൂചന.

മഹീന്ദ്രയുടെ രാജ്യാന്തര പങ്കാളി സാങ്‌യോങിന്‍റെ ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചാണ് പുതിയ എംപിവി എത്തുക. ഉയരം കൂടിയതാവും ഡിസൈന്‍. ഇന്‍റീരിയറില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാണ്.

1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിനാണ് ഹൃദയം. 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറുമാവും വാഹനത്തിന്. പുതിയ സ്കോർ‌പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലും പ്രത്യേകതയാണ്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിരുന്നു.