Asianet News MalayalamAsianet News Malayalam

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര ആറ്റം; ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ സ്‌പെക് മോഡലിന് 48 കിലോവാട്ട് ഡ്രൈവ്‌ട്രെയ്ന്‍ കരുത്തേകും

Mahindra Atom electric quadricycle spied testing
Author
Chennai, First Published Jan 20, 2020, 9:34 PM IST

ചെന്നൈ: 2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ 'ആറ്റം' വിപണിയിലേക്കെത്തുകയാണ്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ചെന്നൈയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെതാണ് ചിത്രങ്ങള്‍. 

വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ സ്പെക് ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നും 2020 മൂന്നാം പാദത്തില്‍ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നും മഹീന്ദ & മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ ഡോ. പവന്‍ ഗോയങ്ക അടുത്തിടെ വ്യക്തമാക്കിയതിനു പിന്നാലെയാണ് വാഹനത്തിന്‍റെ പരീക്ഷണയോട്ടം. 

വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ സ്‌പെക് മോഡലിന് 48 കിലോവാട്ട് ഡ്രൈവ്‌ട്രെയ്ന്‍ കരുത്തേകും. ബെംഗളൂരു പ്ലാന്റിലായിരിക്കും വാഹനം നിര്‍മിക്കുന്നത്. എല്ലാ താഴ്ന്ന വോള്‍ട്ടേജ് മോഡലുകളും ഇവിടെയാണ് അസംബിള്‍ ചെയ്യുന്നത്. 15 കിലോവാട്ടില്‍ താഴെ കരുത്തായിരിക്കും ഉല്‍പ്പാദിപ്പിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായി പരിമിതപ്പെടുത്തും.

150 കോടി രൂപയുടെ നിക്ഷേപമാണ്  മഹീന്ദ്ര ഇതുവരെ ക്വാഡ്രിസൈക്കിളുകള്‍ക്കായി നടത്തിയിരിക്കുന്നത്. ബെംഗളൂരു പ്ലാന്റില്‍ പുതിയ അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിന് 250 കോടി രൂപയും ചെലവഴിച്ചു. കൂടാതെ, ബെംഗളൂരുവിലെ ഗവേഷണ വികസന കേന്ദ്രത്തിനായി 500 കോടി രൂപയുടെ നിക്ഷേപം നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്. ഇലക്ട്രിക് കെയുവി 100, ഇലക്ട്രിക് എക്‌സ്‌യുവി 300 എന്നിവ നിര്‍മ്മിക്കുന്നതിന് ചാകണ്‍ പ്ലാന്റില്‍ കമ്പനി 500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബജാജ് ക്യൂട്ട് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏക ക്വാഡ്രിസൈക്കിള്‍. അതുകൊണ്ടു ക്യൂട്ട് തന്നെയായിരിക്കും മഹീന്ദ്ര ആറ്റത്തിന്റെ എതിരാളി. എന്നാല്‍ ബജാജ് ക്യൂട്ട് ഇലക്ട്രിക് വാഹനമല്ല. പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ക്യൂട്ടില്‍ ഉപയോഗിക്കുന്നത്.

ക്യൂട്ടിന്റെ രൂപം കാറിനോട് സാമ്യമുണ്ടെങ്കിലും കാര്‍ ഗണത്തിലല്ല ഇതിന്റെ സ്ഥാനം. ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം എത്തുന്ന ഫോര്‍ വീല്‍ വാഹനമാണ് ക്യൂട്ട്. നിലവില്‍ റഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പോളണ്ട്, തുര്‍ക്കി ഉള്‍പ്പെടെ പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ക്യൂട്ടുകളെ ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്. നാലുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ക്യൂട്ടിന് വിലയും താരതമ്യേന കുറവാണ്.

2012 ഓട്ടോ എക്സ്പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ക്യൂട്ട് നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തടസങ്ങളെല്ലാം തരണം ചെയ്‍താണ് അവതരിപ്പിച്ച് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ക്യൂട്ടിന്‍റെ വിപണി പ്രവേശം.  

Follow Us:
Download App:
  • android
  • ios