രാജ്യത്തെ വലിയ വാഹനനിര്‍മ്മാതാക്കളില്‍ ഒരാളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ പക്കല്‍ കെട്ടിക്കിടക്കുന്നത് 18,000 ബി എസ് 3 വാഹനങ്ങളെന്ന് റിപ്പോര്‍ട്ട്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ട്രക്ക് വരെയുള്ള വാഹനങ്ങള്‍ ഈ കൂട്ടത്തില്‍പ്പെടുന്നു.

ഏപ്രില്‍ ഒന്നുമുതല്‍ ബി എസ് 3 വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനും നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവാണ് മഹീന്ദ്രയെ വെട്ടിലാക്കിയത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് രാജ്യത്തെ വാഹനനിര്‍മ്മാതാക്കളെല്ലാം വന്‍ ഡിസ്കൗണ്ട് നല്‍കി സ്റ്റോക്കുള്ള ബി എസ് 3 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു. മഹീന്ദ്രയും ഇതേരീതിയില്‍ വാഹനങ്ങള്‍ വിറ്റിരുന്നു. കെട്ടിക്കിടന്നിരുന്ന പകുതിയോളം വാഹനങ്ങള്‍ 15 ശതമാനം ഡിസ്കൗണ്ടിലാണ് മഹീന്ദ്ര വിറ്റത്. എന്നിട്ടും പതിനെട്ടായിരത്തോളം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് കമ്പനിയെ വന്‍ നഷ്ടത്തിലാക്കുന്നു.