എണ്ണപ്പനകള്‍ക്കിടയില്‍; സഞ്ചാരികളുടെ സ്വര്‍ഗത്തില്‍ യാത്രാവിവരണം രണ്ടാം ഭാഗം

വളരെ വൈകിയാണ് പിറ്റേന്ന് കണ്ണ് തുറന്നത്! എന്നാലും റൂം ബുക്ക്‌ ചെയ്യുമ്പോള്‍ ഒപ്പമുള്ള ഫ്രീ ബ്രേക്ഫാസ്റ്റ് ന്‍റെ ആകര്‍ഷണം വലുതായിരുന്നു. ഞൊടിയിടയില്‍ ഡ്രസ്സ്‌ ചെയ്ത് റസ്റ്റരന്റില്‍ എത്തി. നല്ല തിരക്കാണ്. എങ്കിലും പരിചാരിക ഒരു മേശ സെറ്റ്ചെയ്ത് ഞങ്ങളെ ഇരുത്തി!! പ്രാദേശിക/ കോണ്ടിനെന്റല്‍/ഇന്ത്യന്‍ വിഭവങ്ങളും , പ്രത്യേകിച്ച് ദോശ! എനിയ്ക്ക് സമാധാനമായി! ചൈന യാത്രയില്‍ പ്രാതലിന് കാണുന്ന സ്ഥിരം വിഭവങ്ങള്‍ ആയ ആമയും ഒച്ചും ഒന്നും മനം മടുപ്പിക്കാനായി ഇവിടെ അവതരിച്ചിട്ടില്ലല്ലോ!! യാത്രകളില്‍ സാധാരണ പ്രാതലും അത്താഴവും ആണ് പതിവ്. ഉച്ചയ്ക്ക് വളരെ സിമ്പിള്‍ ആയി എന്തെങ്കിലും . കാരണം കാര്യമായ ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പിന്നെ ഒന്ന് വിശ്രമിക്കണം, ഒരു ചായ കുടിക്കണം ആവശ്യങ്ങള്‍/ശീലങ്ങള്‍ പലതാണ്! കാഴ്കള്‍ കാണുക എന്നത് ആഹാരം എന്നതിലേയ്ക്ക് ചുരുങ്ങും !

കലാപരിപാടികള്‍ തുടങ്ങി, റസ്റ്റരന്റ്മാനേജര്‍ എല്ലാ മേശയുടെ അരികിലും ചെന്ന് കുശലാന്വേഷണം നടത്തുന്നത് ശ്രദ്ധിച്ചിരുന്നു. അപ്പോഴേ ആ മുഖം എവിടെയോ കണ്ടു മറന്നതാണല്ലോ എന്ന് തോന്നുകയും ചെയ്തു! ഞങ്ങളുടെ മേശക്കരികിലും വന്നു, ചിരപരിചിതരെ പോലെ സംസാരിച്ചു. ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട് അടുത്ത മേശയിലെയ്ക്ക് .....സൂപ്പും സാലഡും ഫ്രൂട്സും ഭംഗിയായി അകത്താക്കി. ലോങ്ങന്‍,ലിച്ചി, ദ്യുറിയാന്‍,ഭീമന്‍ പേരയ്ക്ക തുടങ്ങിയ ഫ്രൂട്സുകള്‍ തായ്ലണ്ട് സിങ്കപ്പൂര്‍ മലേഷ്യ ഇങ്ങിനെയുള്ള far eastern രാജ്യങ്ങളില്‍ സുലഭം ആണല്ലോ!

ഒപ്പം തന്നെ ദോശ കൌണ്ടറില്‍ നിന്നും മലെഷ്യക്കാരന്‍ ഉണ്ടാക്കിയ കുട്ടി ദോശയും ചട്നിയും !! എന്തൊക്കെ കഴിച്ചാലും നമ്മുടെ ആഹാരം, അത് വിട്ട് കളയില്ല! പാമ്പ് ഇര വിഴുങ്ങിയ പോലായി കാര്യങ്ങള്‍. ഇന്നത്തെ പരിപാടി എന്തെന്ന് ചിന്തിച്ചിട്ട് പോലും ഇല്ല. നേരെ പുതപ്പിനടിയിലെയ്ക്ക് നൂണ്ടുകയറി. സുഖകരമായ ഒരു ആലസ്യം.....കണ്ണടഞ്ഞുപോയതും അറിഞ്ഞില്ല. പിന്നെ കണ്ണ് തുറക്കുമ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു!! ഇനിയും റൂമില്‍ ഇരുന്നാല്‍ അടുത്ത ട്രിപ്പ്‌ ഉറക്കം തുടങ്ങും എന്നറിയാവുന്നതു കൊണ്ട് നേരെ KLCC യിലേയ്ക്ക് വച്ച് പിടിച്ചു.

നടക്കാനുള്ള ദൂരമേയുള്ളൂ എങ്കിലും മടി മൂലം ടാക്സി എടുത്തു! മെട്രോ സ്റ്റേഷനും സൂര്യ ഷോപ്പിംഗ്‌ കോംപ്ലെക്സും petronas tower ഉം ഉള്‍പ്പടെയുള്ള ആ പ്രദേശം മൊത്തം സഞ്ചാരികളുടെ തിരക്കാണ്. സൂര്യ ഷോപ്പിംഗ്‌കോംപ്ലെക്സ് – വലിയ ഒരു ഷോപ്പിംഗ്‌ മാള്‍ ആണ്. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ വിന്‍ഡോ ഷോപ്പിംഗ്‌ ആസ്വദിച്ച് നടക്കുന്നതിനിടയില്‍ അച്ഛനും മകള്‍ക്കും മൊബൈല്‍ ഷോപ്പില്‍ കയറണം എന്ന ഒരേ ഒരു നിര്‍ബ്ബന്ധം! അതിനിടയില്‍ പെട്ട് പോയാലുള്ള ഭീകരമായ അവസ്ഥ ഇതിനു മുന്‍പും അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട് അവരെ അവിടെ വിട്ട് ഞാന്‍ പരിസരവീക്ഷണം തുടങ്ങി. നല്ല തിരക്കാണെങ്കിലും ജനങ്ങള്‍ അടിസ്ഥാനപരമായി ശാന്തശീലര്‍ ആണെന്ന് തോന്നി. എല്ലാ ഷോപ്പിലും റമദാന്‍ ഓഫര്‍ ഉണ്ട്. അതുകൊണ്ടാണോ തിരക്ക് എന്നറിയില്ല. ഗ്രൂപ്പായി വരുന്ന സന്ദര്‍ശകര്‍ വളരെ അധികം, ഒരു പക്ഷെ പെട്രോണാസ് ടവര്‍ കണ്ടു കഴിഞുള്ള വരവായിരിക്കണം.

ടീം ലീഡര്‍ കൈയില്‍ ചെറിയ ഒരു ഫ്ലാഗും മൈക്രോഫോണും ആയി മുന്നില്‍, അയാളുടെ വാക്കുകള്‍ക്കു കാതോര്‍ത്തു നില്‍ക്കുന്ന അംഗങ്ങളും! അംഗങ്ങളില്‍ ഭൂരിഭാഗവും പ്രായം ചെന്നവര്‍ ആണെന്നത് ആരും ശ്രദ്ധിക്കും. ‘വയസ്സായാല്‍ ഈശ്വരനെ ധ്യാനിച്ച് ഒരു മൂലയ്ക്കെങ്ങാനും ഇരുന്നോണം’ എന്ന ഒരു പൊതുബോധം വെറും സാധാരണക്കാരായ ഇവരുടെ ഇടയില്‍ ഇല്ലായിരിക്കും! മനുഷ്യസഹജമായ ചോദനകളെ ഇത്തരം പൊതുബോധങ്ങള്‍ക്കനുസൃതമായി അടക്കിപ്പിടിച്ച് ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവച്ച് ജീവിക്കാന്‍ ബാധ്യസ്ഥര്‍ ആയവരല്ലേ നമ്മില്‍ ഭൂരിഭാഗം പേരും! മറ്റു ജനതയെ അപേക്ഷിച്ച് സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കള്‍ ആയിട്ടും നാം എന്താണ് ഒന്ന് മാറിച്ചിന്തിക്കാന്‍ മടിക്കുന്നത്? സ്വയം നിര്‍മ്മിത കൊക്കൂണില്‍ തളച്ചിട്ട് ജീവിതം ഹോമിക്കുന്നത് ആര്‍ക്കു വേണ്ടി? എന്തിന്‍റെ പേരില്‍? മക്കള്‍ക്ക്‌ വേണ്ടിയോ? കടപ്പാടിന്റെ പേരിലോ? ചിന്തിച്ച് കാടുകയറാന്‍ തുടങ്ങിയ മനസ്സിനെ പിടിച്ചു നിര്‍ത്തി. വിശാലമായ മാള്‍ മുഴുവനും ചുറ്റിക്കണ്ടു, തിരക്ക് കുറഞ്ഞ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. ആയിരക്കണക്കിന് ആള്‍ക്കാരെ അവരറിയാതെ നോക്കിക്കൊണ്ടിരിക്കുക എന്ന പതിവ് വിനോദത്തിലെയ്ക്ക്. ഒരു മുസ്ലിം രാഷ്ട്രം,റമദാന്‍ സമയം, അതായിരിക്കാം പാശ്ചാത്യര്‍ ഉള്‍പ്പെടുന്ന സഞ്ചാരികളുടെ വേഷം അവസരത്തിനൊത്തത് ! ഒട്ടും തന്നെ revealing ആയിരുന്നില്ല. പകല്‍ സമയങ്ങളില്‍ റസ്റ്റരന്റുകള്‍ തുറന്നിട്ടുണ്ട്, ആഹാരം കഴിക്കുന്നത്‌ നിരോധിച്ചിട്ടില്ല എങ്കിലും ആരും തന്നെ തുറന്ന പൊതുസ്ഥലങ്ങളില്‍ നിന്ന് ആഹാരം കഴിക്കുന്നതും ശ്രദ്ധയില്‍ പെട്ടില്ല. മറ്റു രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവരുടെ നിയമവും സംസ്കാരവും അനുസരിക്കാന്‍ കാണിക്കുന്ന ഇത്തരം പരസ്പര ബഹുമാനം എന്നത് സഹിഷ്ണുതയുടെ മറ്റൊരു പേരല്ലേ? സമയം ഏകദേശം നാല് മണി ആയിട്ടുണ്ട്‌. മൊബൈല്‍ ഷോപ്പില്‍ കയറിയവര്‍ ഇനി മൊബൈല്‍ ഉണ്ടാക്കാന്‍ പോയോ ആവോ?

എന്‍റെ മാത്രം ലോകത്ത് അങ്ങിനെ എത്ര നേരം ഇരുന്നു എന്ന് ഒരു പിടുത്തവും ഇല്ല. വിടര്‍ന്ന മുഖത്തോടെ അച്ഛനും മകളും വരുന്നത് കണ്ടു. മൊബൈല്‍ ഷോപ്പുകള്‍ക്ക് മനുഷ്യരെ ഇങ്ങിനെ സന്തോഷിപ്പിക്കുക എന്ന ഒരു മാജിക്‌ കൈവശം ഉണ്ടോ എന്തോ?? സൈബര്‍ ലോകം മനുഷ്യ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെ നേര്‍ക്കാഴ്ച ! ഇനി ലഞ്ച് കഴിക്കാം എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് രണ്ടു പേരുടെയും നില്‍പ്പ്! ബ്രേക്ഫാസ്റ്റ് ടേബിളില്‍ ആക്രാന്തം കാണിച്ചത്തിന്റെ ശ്വാസം മുട്ട് ഇപ്പോഴും മാറിയിട്ടില്ല! പക്ഷെ ഭൂരിപക്ഷത്തിന്‍റെ ആക്രോശത്തിനിടയില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദങ്ങള്‍ മുങ്ങിപ്പോകും എന്നത് സ്വാഭാവികം ആണല്ലോ! തര്‍ക്കിക്കാന്‍ നിന്നില്ല, നേരെ വച്ചുപിടിച്ചു ഒരു പരമ്പരാഗത ഭക്ഷണം ലഭ്യമാകുന്ന മലേഷ്യന്‍ റസ്റ്ററന്റി ലേയ്ക്ക്. വൈകുന്നേരം ആയിട്ടും തിരക്കിന് യാതൊരു കുറവും ഇല്ല. പരിചാരികയോട് പരമ്പരാഗത ഭക്ഷണം നിര്‍ദ്ദേശിക്കാമോ എന്ന് ചോദിച്ചു. അവര്‍ റമദാന്‍ സമയത്തെ സ്പെഷ്യല്‍ ‘ബുക പുകാസ’ നിര്‍ദ്ദേശിച്ചു. എന്നാല്‍പ്പിന്നെ അത് തന്നെ എന്ന് ‘വിശന്ന് വലഞ്ഞ’ അച്ഛനും മകളും തീരുമാനിച്ചു! കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം വലിയ ഒരു ട്രെയില്‍ നമ്മുടെ അടുക്കുപാത്രത്തില്‍ ഭക്ഷണവുമായി പരിചാരിക എത്തി. ഗ്ലാസ്‌, പ്ലേറ്റ് വെള്ളത്തിന്റെ ജഗ് ,അടുക്കുപാത്രം എല്ലാം വെള്ളിപ്പാത്രങ്ങള്‍!

ആകെ മൊത്തം ഒരു റോയല്‍ ലുക്ക്‌! ഭക്ഷണവും റോയല്‍ ആയിരുന്നു എന്ന് പ്രത്യേകം പറയട്ടെ! നമ്മുടെ സാംബാറെന്നു തോന്നിക്കുന്ന ഫിഷ്‌ കറി,നല്ല മസാല ഇട്ടു വച്ച കൊഞ്ച്, അല്പം ഗ്രേവി ഉള്ള ചിക്കന്‍ ,പിന്നെ അവരുടെ വെജ് ഡിഷ്‌ ആയ ഒരു ‘കയാല്‍’ എന്ന ഇലക്കറി! വര്‍ഷങ്ങള്‍ക്കു മുന്‍പ് സിങ്കപ്പൂര്‍ യാത്രയില്‍ ഈ ഇലക്കറി എന്നെ മടുപ്പിച്ചതാണ്. ദുബായിലെ മധ്യവേനലവധിക്കാലം നാട്ടില്‍ ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് പെട്ടെന്നുള്ള സിങ്കപ്പൂര്‍ യാത്ര ! കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കാത്തിരിപ്പിന്റെ മടുപ്പകറ്റാന്‍ വാങ്ങി കഴിച്ച ഒരു സാന്ഡ്വിച്ച് വില്ലനായി, പനിയും വയറിന്‍റെപ്രശ്നവും പുറത്തെ ചൂടും ചേര്‍ന്ന് എന്നെ വല്ലാതെ വലച്ച ആ യാത്ര, നല്ല ഒരു യാത്രയുടെ നിറം കെടുത്തിക്കളഞ്ഞു. ആ സമയത്തെ എന്‍റെ സ്ഥിരം ഭക്ഷണം ചോറും ഈ കയാല്‍ കറിയും ആയിരുന്നു! സിങ്കപ്പൂര്‍ വിശേഷങ്ങള്‍ അയവിറക്കി മലേഷ്യന്‍ ലഞ്ച് കഴിച്ച് പരിചാരികയോട് റമദാന്‍ മുബാരക്കും പറഞ്ഞ് ഞങ്ങള്‍ അവിടത്തെ സൂപ്പര്‍ മാര്‍ക്കെറ്റില്‍(പേര് coldstorage) കയറി. എനിയ്ക്ക് കുറച്ചു ഫ്രൂട്സ് വാങ്ങണം, ഫ്രഷ്‌ ഫ്രൂട്സ് കാണുക എന്നത് തന്നെ വലിയ സന്തോഷം, അവിടത്തെ ഫ്രെഷ് പഴവര്‍ഗ്ഗങ്ങള്‍ എന്നില്‍ കൊതിയുണര്‍ത്തി. ദുബായില്‍ നിന്നും വന്നതിനു ശേഷം എന്‍റെ പഴവര്‍ഗ്ഗങ്ങളോടുള്ള പ്രേമം വല്ലാതെ കുറഞ്ഞിരുന്നു......മറ്റൊന്നുമല്ല ഈ വിഷഫലങ്ങള്‍ കഴിച്ച് അറിഞ്ഞുകൊണ്ട് മാരകരോഗങ്ങള്‍ വിലയ്ക്ക് വങ്ങേണ്ട എന്നുള്ള തീരുമാനം ആയിരുന്നു.

ആപ്പിള്‍ മുന്തിരി സ്ട്രോബെറി തുടങ്ങിയവയ്ക്ക് നല്ല വില,പക്ഷെ പ്രാദേശികമായി ലഭ്യമാകുന്ന ഫ്രൂട്സിനു വളരെ വിലക്കുറവ് ആയിരുന്നു. far eastern രാജ്യങ്ങളിലെ സ്ഥിരം ഫ്രൂട്സിനോപ്പം നമ്മുടെ റോസ് നിറത്തിലുള്ള ചാമ്പയ്ക്കയുടെ ഒരു ഭീമന്‍ പ്രതിരൂപം! ....അതും ബാഗിലാക്കി. പതിവില്ലാതെ റൂമിലെത്താന്‍ ജയകുമാറിന് തിടുക്കം. ടാക്സിയില്‍ യില്‍ തിരിച്ചു! ഓടുന്ന ദൂരത്തിനല്ല നല്ല മറിച്ച് സമയത്തിനാണ് ചാര്‍ജ് എന്ന് ആദ്യദിനം തന്നെ കിട്ടിയ മുന്നറിയിപ്പോക്കെ മറന്നതിന് ശിക്ഷയെന്നോണം 2 മിനിട്ട് നടക്കേണ്ട ദൂരം ടാക്സി യ്ക്ക് 15 malyasian ringet (ഇതെഴുതുമ്പോള്‍ ഒരു മലേഷ്യന്‍ ringet 18.3 ഇന്ത്യന്‍ രൂപയ്ക്ക് സമം) കൊടുത്തു! അതൊന്നും തീരെ ഗൌനിക്കാതെ ധൃതിയില്‍ ലിഫ്റ്റില്‍ കയറിയ ജയകുമാര്‍ ഞങ്ങളോട് വേണമെങ്കില്‍ റൂമില്‍ പൊയ്ക്കോളൂ ഞാന്‍ ക്ലബ് ലോഞ്ചില്‍ പോകുകയാണെന്ന് പറഞ്ഞു. അപ്പോഴാണ്‌ തിരക്കിന്‍റെ ഗുട്ടന്‍സ് പിടി കിട്ടിയത്! ക്ലബ് അംഗങ്ങള്‍ക്ക് വൈകീട്ട് 7 മണി വരെ ഫ്രീ ആയി യഥേഷ്ടം hot drinks ഉണ്ടത്രേ! മലയാളി ഡാ......

(തുടരും)

ആദ്യഭാഗം വായിക്കാം

എണ്ണപ്പനകള്‍ക്കിടയില്‍; സഞ്ചാരികളുടെ സ്വര്‍ഗത്തില്‍