ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ ബെലേനോയുടെ തിരഞ്ഞെടുത്ത മോഡലുകളില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മാരുതി ഡീലര്‍ഷിപ്പുകള്‍. വാഹനത്തിന്‍റെ പുതിയ പതിപ്പ് അടുത്തിടെ വിപണിയിലെത്തിയതിനു പിന്നാലെയാണ് സ്റ്റോക്കുള്ള 2018 മോഡലുകള്‍ വന്‍ ഡിസ്‍കൗണ്ടില്‍ വില്‍ക്കാന്‍ കമ്പനി ഒരുങ്ങുന്നത്. 

2018 മോഡല്‍ ബലേനോ  45,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ വില്‍ക്കാനാണ് മാരുതി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീലര്‍ഷിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി ഓഫര്‍ അനുകൂല്യങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും.

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയെല്ലാം ആനുകൂല്യങ്ങളില്‍പ്പെടും.  സ്റ്റോക്ക് വിറ്റുതീരാന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്. 27.39 കിലോമീറ്ററാണ് ബലെനോ ഡീസലില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോള്‍ പതിപ്പ് 21.4 കിലോമീറ്റര്‍ മൈലേജും കാഴ്ച്ചവെക്കും. കീലെസ് ഗോ, സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് ബട്ടണ്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഫോളോ മീ ലാമ്പുകള്‍, പിന്‍ ക്യാമറ എന്നിങ്ങനെയാണ് ബലെനോയുടെ പ്രത്യേതകൾ. 3,995 mm നീളവും 1,745 mm വീതിയും ബലെനോയ്ക്കുണ്ട്. വീല്‍ബേസ് 2,520 mm.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.  2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്. 

കഴിഞ്ഞമാസമാണ് പുത്തന്‍ ബലെനോയെ മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ബലേനോ പെട്രോള്‍ പതിപ്പിന് 5.45 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം വരെയും ഡീസലിന് 6.60 ലക്ഷം മുതല്‍ 8.60 ലക്ഷം രൂപ വരെയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.