തൊഴിൽ രഹിതരായ യുവാക്കള്‍ക്ക് സബ്‍സിഡി നിരക്കില്‍ മാരുതി സുസുക്കി ഡിസയർ ടൂർ കാറുകൾ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍.  ബ്രാഹ്മണ സമുദായത്തിലെ തൊഴിൽ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 


തൊഴിൽ രഹിതരായ യുവാക്കള്‍ക്ക് ടാക്സിയായോടിക്കാന്‍ സബ്‍സിഡി നിരക്കില്‍ മാരുതി സുസുക്കി ഡിസയർ ടൂർ കാറുകൾ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. ബ്രാഹ്മണ സമുദായത്തിലെ തൊഴിൽ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലയുടെ 10% മാത്രം നൽകി കാർ സ്വന്തമാക്കാനുള്ള അവസരമാണ് ആന്ധ്രാ മുഖ്യന്‍ എൻ ചന്ദ്രബാബു നായിഡുവിന്‍റെ വാഗ്ദാനം.

ഇങ്ങനെ ആദ്യ ഘട്ടത്തിൽ 50 ഡിസയർ കാറുകളാണ് വിതരണം ചെയ്യുക. മൊത്തം രണ്ടു ലക്ഷം രൂപയോളമാണ് തൊഴിൽരഹിതർക്കു കാർ വാങ്ങാൻ സബ്സിഡിയായി അനുവദിക്കുക. കാർ വിലയുടെ 10% ഉടമസ്ഥൻ നൽകണം. അവശേഷിക്കുന്ന തുക ആന്ധ്ര പ്രദേശ് ബ്രാഹ്മിൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വായ്പയായി അനുവദിക്കും. ഓരോ മാസവും സംസ്ഥാന സർക്കാരാണു വായ്പത്തവണകൾ അടയ്ക്കുക. 

2008ലായിരുന്നു മാരുതി ഡിസയറിനെ അവതരിപ്പിച്ചത്. സ്വിഫ്റ്റിന്റെ രൂപകല്പനയിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാൻ സെഗ്മെന്റിലെ വാഹനമായിരുന്നു ഡിസയർ. 2012-ല്‍ ടാക്‌സി സെഗ്മെന്റിൽ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാൻ പതിപ്പിന്‍റെ അവതരണം. അപ്പോഴും മികച്ച പ്രകടനം തന്നെ ഡിസയർ കാഴ്ച വെച്ചു. പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ കെ സീരീസിൽ പെട്ട 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനുകളോടെയാണു ഡിസയർ ടൂർ എത്തുന്നത്. 

സി എൻ ജി കിറ്റോടെയും കാർ ലഭ്യമാണ്. പെട്രോൾ എൻജിന് 82 ബി എച്ച് പിയോളം കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഡീസൽ എൻജിൻ 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കും സൃഷ്‍ടിക്കും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഓപ്ഷനലായി ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാണ്. എകദേശം 5.60 ലക്ഷം രൂപ മുതലാണ് കാറിന്റെ വില. 2017ല്‍ ഡിസയര്‍ ടൂറിന്‍റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. 2017 മെയ് 16നാണ് പുതിയ ഡിസയറും വിപണിയിലെത്തി. എന്തായാലും ആദ്യ ഘട്ട വിതരണത്തിനായി അനുവദിച്ച 50 കാറുകളിൽ 30 എണ്ണം ആന്ധ്ര സര്‍ക്കാര്‍ ഉടമസ്ഥർക്കു കൈമാറിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.