Asianet News MalayalamAsianet News Malayalam

ജിപ്‍സിയുടെ സഹോദരന്‍ ഇന്ത്യയിലേക്കെന്ന് വീണ്ടും റിപ്പോര്‍ട്ട്

ജിംനിയുടെ അഞ്ച് സീറ്റ് പതിപ്പ് 2022-ഓടെ ഇന്ത്യയിലെത്തിയേക്കും

Maruti Suzuki Could Launch 5-Door Jimny In India
Author
Mumbai, First Published Jan 20, 2020, 9:22 PM IST

മാരുതി സുസുക്കി ജിപ്‍സിയെ എല്ലാവരും അറിയും. ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ തരംഗമായിരുന്ന വാഹനം.  ഇന്ത്യന്‍ ആര്‍മിയുടെ പ്രിയ വാഹനം. എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യന്‍ നിരത്തുകളിലും സിനിമകളിലും തിളങ്ങിയ ഈ കിടിലന്‍ വാഹനത്തിന്‍റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിച്ചു കഴിഞ്ഞു. ജിപ്‍സിക്ക് പകരക്കാരനായി സുസുക്കിയുടെ എസ് യു വി ജിംനി ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുമെന്ന് കഴിഞ്ഞ നാലു വര്‍ഷത്തോളമായി കേട്ടുതുടങ്ങിയിട്ട്. 

2016 നവംബറിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത്. എന്നാല്‍ ആദ്യമൊന്നും കമ്പനി ഈ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.  പുത്തന്‍ ജിംനിയുടെ പേരില്‍ ഇടക്കിടെ സോഷ്യല്‍ മീഡിയയിലും ചിത്രങ്ങളും പ്രചരിച്ചിരുന്നു. വാഹനലോകവും വാഹനപ്രേമികളും കൗതുകത്തോടയൊണ് ഈ വാര്‍ത്തകളെ ഉറ്റുനോക്കുന്നത്. ത്രീ ഡോര്‍ എസ്‌യുവിക്ക് ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര ഡിമാന്‍റില്ലെന്നും അതുകൊണ്ട് തന്നെ ഈ വാഹനം ഇന്ത്യയിലെത്തില്ലെന്നും ഇടക്കാലത്ത് കമ്പനി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ ജിംനി നിര്‍മിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നു. എന്നാല്‍ എല്ലാം വെറും വാര്‍ത്തകളില്‍ ഒതുങ്ങി. 

എന്നാല്‍ ഇപ്പോഴിതാ ജിംനി ഇന്ത്യയിലെത്താന്‍ വീണ്ടും സാധ്യത തെളിയുന്നതായാണ് പുതിയ വാര്‍ത്തകള്‍. മൂന്ന് ഡോര്‍ എസ്‌യുവികള്‍ക്ക് ഇന്ത്യയില്‍ ഡിമാന്റ് കുറവാണെന്ന് ചൂണ്ടിക്കാട്ടി ജിംനി എത്തില്ലെന്നായിരുന്നു 2018ല്‍ വാര്‍ത്തകള്‍ വന്നിരുന്നതെങ്കില്‍ 2019ല്‍ എസ്‌യുവികള്‍ക്ക് ലഭിച്ച സ്വീകാര്യതയും ജിപ്‌സിയുടെ ജനപ്രീതിയും കണക്കിലെടുത്താണ് മാരുതി ജിംനിയെ ഇന്ത്യയിലേക്കെത്തിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് 2022-ഓടെ ജിംനിയുടെ അഞ്ച് സീറ്റ് പതിപ്പ് ഇന്ത്യയിലെത്തുന്നുവെന്നാണ് വിവരം. 

നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യ ജിംനി പിറവിയെടുത്തത്. ഈ ജിംനിയുടെ നാലാം തലമുറ മോഡലാണ് ഇന്ത്യയിലെ  വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഓണ്‍റോഡും ഓഫ്‌റോഡും ഒരുപോലെ ഇണങ്ങുന്ന ഈ വാഹനം ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലേയ്ക്കാണെത്തുക. 

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായാട്ടാണ് പുറത്തിറങ്ങിയത്. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്. 

ജിംനി സ്റ്റാന്റേര്‍ഡ്, ജിംനി സിയേറ എന്നീ രണ്ട് വകഭേദങ്ങളാണ് ജപ്പാനില്‍ ജിംനിക്കുള്ളത്. ഇതില്‍ സിയേറയുടെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും ഇന്ത്യയിലെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  പരമ്പരാഗത ബോക്സി രൂപത്തില്‍ ഡ്യുവല്‍ ടോണ്‍ നിറമാണ് എക്‌സ്റ്റീരിയറിന്. 5 സ്റ്റ്‌ളാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍ എന്നിവ അതുപോലെ നിലനിര്‍ത്തിയേക്കും. ഷോര്‍ട്ട് ബോണറ്റ് ഡിഫന്‍ഡറിന് സമാനമാണ്. പിന്‍ഭാഗത്ത് നടുവിലായി നല്‍കിയ സ്‌പെയര്‍ ടയര്‍, ബംമ്പറിലെ ടെയില്‍ ലൈറ്റ് എന്നിവ ജി വാഗണിനെ ഓര്‍മ്മപ്പെടുത്തും. 

ആഡംബരം തുളുമ്പുന്ന അകത്തളമാണ് ജിംനിക്കുള്ളത്. ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കും. 

2018ല്‍ യൂറോ എന്‍സിഎപി വിഭാഗം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് ജിംനി സ്വന്തമാക്കിയിരുന്നു. ഇടിയില്‍ വാഹനത്തിന്റെ മുന്‍ ഭാഗത്തുണ്ടായ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിന്റെ 40 ശതമാനവും തകര്‍ന്നു. എന്നാല്‍, ഇരുവശങ്ങളിലുമേറ്റ ഇടിയിലുണ്ടായ ക്ഷതം താരതമ്യേന കുറവാണ്.  ഇത് കണക്കിലെടുത്താണ് എന്‍സിഎപി വാഹത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയത്.  ഇതിന് പുറമെ, ജിംനിയുടെ ബ്രേക്കിന്‍റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി കാല്‍നട യാത്രക്കാരെ അടിസ്ഥാനമാക്കി നിരവധി ടെസ്റ്റുകള്‍ നടത്തിയിരുന്നു. ഇതില്‍ മികച്ച പ്രകടനമാണ് ജിംനി കാഴ്ച വെച്ചത്. അതേസമയം, സുരക്ഷ റേറ്റിങ്ങില്‍ നെക്‌സോണ്‍ ജിംനിക്ക് മുന്നിലാണ്.

102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്ലോബല്‍ സ്പെക്ക് ജിംനിയുടെ ഹൃദയം.ഇന്ത്യയിലെത്തുന്ന ജിംനിയിലും ഈ എന്‍ജിന്‍ സ്ഥാനം പിടിച്ചേക്കും. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഒരുപക്ഷേ  112 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ്  എന്‍ജിനായിരിക്കും കരുത്തുപകരുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഇതിനുപുറമെ, ഡീസല്‍ എന്‍ജിനിലും ജിംനിയെ പ്രതീക്ഷിക്കാം. എന്തായാലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് തന്നെയായിരിക്കും ട്രാന്‍സ്‍മിഷന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജിംനിയെ അടിസ്ഥാനമാക്കി 2019ല്‍ ഒരു മോണ്‍സ്റ്റര്‍ ട്രക്കും പിക്കപ്പ് കണ്‍സെപ്റ്റും കമ്പനി അവതരിപ്പിച്ചിരുന്നു.  42 ഇഞ്ച് സൂപ്പര്‍ സൈസ്ഡ് ടയര്‍, ഡെഡ്‌ലോക്ക് വീലുകള്‍, കരുത്തേറിയ മെറ്റല്‍ സസ്‌പെന്‍ഷന്‍, ഫ്‌ളാഷി കളര്‍ സ്‌കീം എന്നിവ നല്‍കിയാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios