പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മാരുതി സുസുക്കി എന്‍ജിനിയര്‍മാരുടെ സഹായം തേടി അന്വേഷണ ഏജന്‍സി

പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മാരുതി സുസുക്കി എന്‍ജിനിയര്‍മാരുടെ സഹായം തേടി അന്വേഷണ ഏജന്‍സി. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും ചില നമ്പറുകള്‍ നല്‍കിയിട്ടുള്ള കാറിന്റെ ഒരു മെറ്റല്‍ ഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നമ്പറിന്റെ സഹായത്തില്‍ വാഹനത്തെ കുറിച്ചും അതിന്റെ ഉടമയെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അന്വേഷണ ഏജന്‍സി മാരുതി എന്‍ജിനിയര്‍മാരുടെ സഹായം തേടിയത്.

ഭീകരാക്രമണത്തിനു തൊട്ടു മുമ്പായി മാരുതി ഇക്കോ കാറില്‍ ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധർ വരുന്നത് കണ്ടതായി സിആര്‍എപിഎഫ് ജവാന്‍മാരുടെ മൊഴിയുണ്ടായിരുന്നു. തുടര്‍ന്ന് ഈ കാറിന്‍റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു.

സര്‍വീസ് റോഡില്‍ നിന്ന് ചുവന്ന മാരുതി ഇക്കോ കാര്‍ ബസുകളുടെ സമീപത്തേക്ക് വരുന്നത് കണ്ടു. ദേശീയപാതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് സൈനികരുടെ മൊഴി. സംഭവ സ്ഥലത്തു നിന്നും ലഭിച്ച ഈ നമ്പറിന്റെ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിച്ച വര്‍ഷം, ഏത് ഷോറൂം വഴിയാണ് വാഹനം ഇവരുടെ കൈവശമെത്തിയത്, എന്നീ കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്. 

ആക്രമണത്തിന് നേതൃത്വം നല്‍കിയവരെയും വേണ്ട സഹായങ്ങള്‍ എത്തിച്ചുനല്‍കിയവരെയും കണ്ടെത്തുന്നതിനായാണ് സംഘം ആക്രമണം നടത്തിയ വാഹനം സംബന്ധിച്ചും അന്വേഷണം നടത്തുന്നതെന്നാണ് വിവരം.

മാത്രമല്ല പുല്‍വാമ മോഡലില്‍ ആക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ നിറച്ച കൂടുതൽ വാഹനങ്ങള് തയ്യാറാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചത് 78 ബസുകളിലായി 2500 സൈനികര്‍ സഞ്ചരിച്ചിരുന്നത്. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികൾ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 2010ലാണ് ഇക്കോയെ മാരുതി അവതരിപ്പിക്കുന്നത്. വലുപ്പത്തിലും എഞ്ചിന്‍ കരുത്തിലും ഓംനിയെക്കാള്‍ മുന്നിലാണ് ഇക്കോ. വാഹനത്തിലെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 73 bhp കരുത്തും 101 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ച് സ്‍പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.