Asianet News MalayalamAsianet News Malayalam

സഞ്ചാരികളെ കാത്ത് പാതാളത്തിലേക്കുള്ള രഹസ്യകവാടം!

സഞ്ചാരികളേ, നിങ്ങള്‍ക്ക് പാതാളം കാണാന്‍ ആഗ്രഹമുണ്ടോ? ഈ ആഗ്രഹം കൊണ്ടുനടക്കുന്ന സാഹസിക സഞ്ചാരികള്‍ക്ക് അങ്ങനൊരു കാലം വിദൂരതയിലല്ല. പാതാളത്തിലേക്കുള്ള രഹസ്യ കവാടം തുറക്കാനുള്ള ഒരുക്കത്തിലാണ് മെക്‌സിക്കോയിലെ ഒരുകൂട്ടം പുരാവസ്തു ഗവേഷകര്‍. 

Mayan entrance to the underworld
Author
Mexico, First Published Sep 26, 2018, 2:54 PM IST

സഞ്ചാരികളേ, നിങ്ങള്‍ക്ക് പാതാളം കാണാന്‍ ആഗ്രഹമുണ്ടോ? ഈ ആഗ്രഹം കൊണ്ടുനടക്കുന്ന സാഹസിക സഞ്ചാരികള്‍ക്ക് അങ്ങനൊരു കാലം വിദൂരതയിലല്ല. പാതാളത്തിലേക്കുള്ള രഹസ്യ കവാടം തുറക്കാനുള്ള ഒരുക്കത്തിലാണ് മെക്‌സിക്കോയിലെ ഒരുകൂട്ടം പുരാവസ്തു ഗവേഷകര്‍. പ്രാചീന മായന്മാര്‍ നിര്‍മിച്ച പിരമിഡിന് അടിയിലേക്കുള്ള രഹസ്യ തുരങ്കമായ സെനോട്‌സുകളുടെ കഥയാണ് പറഞ്ഞുവരുന്നത്.

ആ കഥ മായന്‍ സംസ്‍കാരത്തിന്‍റെ കഥയാണ്. 16-ാം നൂറ്റാണ്ടില്‍ സ്പാനിഷുകാര്‍ മെക്‌സിക്കോയില്‍ എത്തുന്നതു വരെ മായന്‍ സംസ്‌കാരം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സംസ്‌കാരങ്ങളിലൊന്ന്. യുകാത്താന്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചിഷന്‍ ഇത്സാ നഗരമായിരുന്നു അവരുടെ താവളം. 4 ചതുരശ്ര മൈലുകള്‍ പരന്നു കിടക്കുന്ന ഈ സ്ഥലം എഡി 5-ാം നൂറ്റാണ്ടിലും എഡി 6-ാം നൂറ്റാണ്ടിലുമാണ് നിര്‍മ്മിച്ചത്. കുകുല്‍കന്‍ എന്ന നാഗദൈവത്തിന്റെ ക്ഷേത്രമായ എല്‍ കാസ്റ്റില്ലോ പിരമിഡ് ഇവിടെയാണ്. മായന്മാരുടെ കഥകളില്‍ ദേഹം മുഴുവന്‍ ചിറകുള്ള ഒരു പാമ്പാണു കുകുല്‍കന്‍. 79 അടി ഉയരമുള്ള ഈ പിരമിഡിന് 365 പടികളുമുണ്ട്. 

ഈ പിരമിഡിന് അടിയിലാണ് സെനോട്സുകള്‍. ചിഷന്‍ ഇത്സായില്‍ നാല് സെനോട്‌സുകളുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് മെക്‌സിക്കന്‍ ശാസ്ത്രജ്ഞന്‍ റെനേ ചാവേസ് സെഗുര എല്‍ കാസ്റ്റില്ലോയിന് അടിയില്‍ ഒരു രഹസ്യ ഗുഹ ഉണ്ടെന്ന് കണ്ടെത്തുന്നത്. എന്നാല്‍ ഗവേഷകര്‍ക്ക് ഇതുവരെ അവിടെ എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ വെള്ളം നിറഞ്ഞ ഗുഹ ഗിലെര്‍മോ സംഘം അവിടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ അവര്‍ ചിഷന്‍ ഇത്സായിലെ ഒസ്സുവരി എന്ന ചെറിയ പിരമിഡില്‍ നിന്ന് രണ്ട് ഭൂഗര്‍ഭ പാതകള്‍ കണ്ടെത്തി. ഇത് എല്‍ കാസ്റ്റില്ലോ പിരമിഡിന് അടിയിലേക്കുള്ള പാതയാണെന്നാണ് അവര്‍ കരുതിയത്. 

സ്പാനിഷുകാര്‍ എത്തിയതോടെ നഗരം ഉപേക്ഷിച്ച മായന്മാര്‍ ഈ പാത കല്ല് ഉപയോഗിച്ച് അടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.  രഹസ്യപാതയ്ക്കടിയില്‍ വെള്ളം നിറഞ്ഞ ഗുഹകള്‍ ഉണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. മെക്‌സിക്കോയിലെ യുകാത്താന്‍ സംസ്ഥാനത്ത് ഏക ശുദ്ധജലസ്രോതസ്സ് ആണ് ഇത്. മായന്‍ സംസ്‌കാരത്തിന് ഇതില്ലാതെ നിലനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മായന്‍ കോസ്‌മോളജിയുടെ ഒരു പ്രധാന ഭാഗം കൂടിയാണ് ഈ സെനോട്‌സ്. എല്‍ കാസ്റ്റില്ലോയിന്റെ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാര്‍ ഭാഗങ്ങളില്‍ സെനോറ്റുകള്‍ ഉണ്ട്. എല്‍ കാസ്റ്റില്ലോയിന്റെ അടിയിലെ സെനോട്ട് ആക്‌സിസ് മുണ്ടി അഥവാ ലോകത്തിന്റെ മധ്യഭാഗം ആണെന്നാണ് ഗവേഷകര്‍ കരുതുന്നത്.

ഈ ഗുഹകളില്‍ വച്ച് മായന്‍മാര്‍  മനുഷ്യക്കുരുതി നടത്തിയിരുന്നെന്നാണ് ഗവേഷകരുടെ അനുമാനം. ചാക് എന്ന മഴ ദൈവത്തെ പ്രീതിപ്പെടുത്താനായിരുന്നു ഇത്.  പാതാളത്തേക്കുള്ള ഒരു കവാടം ആയിരുന്നു മായന്മാര്‍ക്ക് സെനോട്‌സ് എന്നാണ് ഗവേഷകര്‍ പറയുന്നത്.  സ്വര്‍ഗം, ഭൂമി, പാതാളം എന്നിങ്ങനെ പ്രപഞ്ചത്തിന് മൂന്ന് പാളികള്‍ ഉണ്ടെന്നായിരുന്നു മായന്മാരുടെ വിശ്വാസം. ഇതില്‍ പാതാളത്തിനായിരുന്നു അവര്‍ പ്രാധാന്യം കല്‍പിച്ചിരുന്നത്. പാതാള ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു അവര്‍ ആളുകളെ കുരുതികൊടുത്തിരുന്നതെന്നാണ് ഗവേഷകരുടെ ഭാഷ്യം.

എന്തായാലും എല്‍ കാസ്റ്റില്ലോയിന്റെ അടിയിലെ സെനോട്ടില്‍ കടക്കാനുള്ള ആവേശത്തിലാണ് ഗവേഷകര്‍. ഇതിനായി രഹസ്യ തുരങ്കം വൃത്തിയാക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഖനനം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.  ഇത് മായന്‍ വിശ്വാസങ്ങളെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ നല്‍കിയേക്കും. എന്തായാലും സഞ്ചാരികള്‍ പാതാളം സന്ദര്‍ശിക്കാനെത്തുന്ന കാലം വിദൂരമല്ലെന്നുറപ്പ്. 

 

Follow Us:
Download App:
  • android
  • ios