50,000 ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ട് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്‍റെ ഉടമസ്ഥരായ ഡായ്‍മര്‍. വര്‍ഷം 25,000 ഇക്യുസി വാഹനങ്ങള്‍ വിറ്റഴിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വെറും ഏഴായിരം വാഹനങ്ങള്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനായത്.

ഇലക്ട്രിക് ബാറ്ററിയുടെ അഭാവം മൂലം ഉല്‍പ്പാദനത്തില്‍ കുറവ് വന്നതാണ് കമ്പനിയെ കുഴയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഴ്‌സിഡസ് ബെന്‍സ് വാങ്ങിയിരുന്ന ബാറ്ററി നിര്‍മാണ കമ്പനിയായ ഗോഷ്വാന്‍ എന്‍ജിനിയറിംഗിനെ അടുത്തിടെ അമേരിക്കന്‍ കാര്‍നിര്‍മാതാക്കളായ ടെസ്‌ല സ്വന്തമാക്കിയതോടെ ഡായ്മറിന്റെ ഇലക്ട്രിക് വാഹന നിര്‍മാണം അല്‍പ്പം മങ്ങലിലാണ്. തുടര്‍ന്ന് ഇവി ബാറ്ററി നിര്‍മാണ യൂണിറ്റായ ഡ്യൂഷെ അക്യുമോട്ടീവിന്റെ സഹായത്തോടെ ഇവി വാഹന ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് അടുത്ത നീക്കം. 

ഉല്‍പ്പാദനത്തിലെ പ്രശ്‌നങ്ങള്‍ കാരണം ഇക്യുസിയുടെ പുറത്തിറക്കലും തടസപ്പെട്ടിരിക്കുകയാണ്. വടക്കേ അമേരിക്കയിലെ മേഴ്‌സെഡസ് ബെന്‍സിന്റെ അവതരണം ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അടുത്ത വര്‍ഷത്തോടെ കാര്‍ബണ്‍ ഡയോക്‌ഡൈ് ബഹിര്‍ഗമനം കാറുകളില്‍ കുറയ്ക്കാന്‍ കമ്പനി പരാജയപ്പെട്ടാല്‍ വലിയ തോതില്‍ പിഴ അടയ്‌ക്കേണ്ട സാഹചര്യമുണ്ടാകാനും ഇടയുണ്ട്. 2018ല്‍ കമ്പനിയുടെ കാറുകളിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കിലോമീറ്ററിന് 130.4 ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ് എന്ന തോതിലായിരുന്നു. ഇത് 2021 ഓടുകൂടി 103.1 ഗ്രാമായി കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഇതില്‍ പരാജയപ്പെട്ടാല്‍ 997 ദശലക്ഷം യൂറോ പിഴ അടയ്‌ക്കേണ്ടതായി വരുമെന്നാണ് കണക്കു കൂട്ടല്‍. 

2018ല്‍ യൂറോപ്യന്‍ യൂണിയനിലെ മൊത്തം കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനം 1.6 ശതമാനം വര്‍ധിച്ച് കിലോമീറ്ററിന് 120.4 ഗ്രാം എന്ന തോതിലെത്തിയതോടെ ഉപഭോക്താക്കള്‍ ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് വലിയ വാഹനങ്ങള്‍ക്കു പിന്നിലെയായതും തിരിച്ചടി ആയിട്ടുണ്ട്.

അതേസമയം കമ്പനിയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഇക്യു അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്ന ആദ്യ ആഡംബര കാര്‍ നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് മെഴ്‌സിഡസ് ബെന്‍സ്. 

2016 പാരിസ് മോട്ടോര്‍ ഷോയിലാണ് ഇക്യു ബ്രാന്‍ഡ് ആഗോളതലത്തില്‍ അരങ്ങേറിയത്. പാരിസില്‍ ജനറേഷന്‍ ഇക്യു കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. കമ്പനിയുടെ ഈ ഉപബ്രാന്‍ഡില്‍നിന്നുള്ള ആദ്യ സീരീസ് പ്രൊഡക്ഷന്‍ വാഹനമായ ഇക്യുസി ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ അരങ്ങേറ്റം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇക്യുസി എഡിഷന്‍ 1886 പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ ഇക്യുസി എസ്‌യുവിയുടെ 400 4മാറ്റിക് വേരിയന്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
മെഴ്‌സിഡസ് ബെന്‍സിന്റെ ഓള്‍ ഇലക്ട്രിക് ഇക്യു ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് ഇക്യുസി എന്ന എസ്‌യുവി. ഇക്യുവി, ഇക്യുഎ, ഇക്യുബി, ഇക്യുഎസ്, ഇക്യുഇ എന്നിവയെല്ലാം ഭാവിയില്‍ ഇക്യു ബ്രാന്‍ഡില്‍ ആഗോള വിപണികളിലെത്തും.

പൂര്‍ണമായി നിര്‍മിച്ചശേഷം ഇക്യുസി എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ നീക്കം. അതുകൊണ്ടുതന്നെ ആഗോള മോഡലുമായി മെക്കാനിക്കല്‍ സാദൃശ്യങ്ങള്‍ ഉണ്ടായിരിക്കും. മെഴ്‌സിഡസ് ബെന്‍സ് ഇക്യുസി എസ്‌യുവിക്ക് കരുത്തേകുന്നത് ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ്. മുന്‍, പിന്‍ ആക്‌സിലുകളില്‍ ഓരോന്നുവീതം. അതുകൊണ്ടുതന്നെ, ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) എസ്‌യുവിയാണ് ഇക്യുസി.  

80 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. രണ്ട് മോട്ടോറുകളും ചേര്‍ന്ന് ആകെ 300 കിലോവാട്ട് (402 ബിഎച്ച്പി) പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 765 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 

ഇന്ത്യയില്‍ ഏകദേശം 1.5 കോടി രൂപയായിരിക്കും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ഔഡി ഇ-ട്രോണ്‍, ജാഗ്വാര്‍ ഐ-പേസ്, ഹ്യുണ്ടായ് കോന ഇവി, എംജി ഇസഡ്എസ് ഇവി, ടാറ്റ നെക്‌സോണ്‍ ഇവി തുടങ്ങിയവയായിരിക്കും ഇക്യുസിയുടെ ഇന്ത്യന്‍ നിരത്തിലെ മുഖ്യ എതിരാളികള്‍. 

5.1 സെക്കന്‍ഡ് മതി സ്‌പോര്‍ട്ട് മോഡില്‍, പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍. ടോപ് സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററായി പരിമിതപ്പെടുത്തി. കാബിനില്‍ പുതിയ രൂപകല്‍പ്പനയോടെ ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, ഇന്‍ഫൊടെയ്ന്‍മെന്റ് പാനല്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ലഭിക്കും.പ്രത്യേക അലോയ് വീലുകള്‍, ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലൈറ്റുകള്‍, ബോണറ്റിന് കുറുകെ ലൈറ്റ് സ്ട്രിപ്പ് എന്നിവ പ്രത്യേകതകളാണ്.