കൊതിപ്പിക്കുന്ന വിലക്കിഴിവുമായി മെഴ്സിഡീസ് ബെൻസ് എസ്‌യുവി ജിഎൽഎയുടെ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി. 30.65 ലക്ഷം മുതൽ 36.75 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ബെൻസ് ഈ വർഷം പുറത്തിറക്കുന്ന ഏഴാമത്തെ മോഡലും ജിഎസ്ടി നടപ്പായതിനു ശേഷം പുറത്തിറക്കുന്ന ആദ്യ മോഡലുമാണ് ജിഎൽഎ. മുൻ മോഡലിനെക്കാൾ ഏകദേശം 1.76 ലക്ഷം മുതൽ 3.8 ലക്ഷം രൂപവരെ വിലക്കുറച്ചാണ് പുതിയ ജിഎൽഎയെ ബെന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.
നാലു മോഡലുകളിലായി രണ്ട് എൻജിൻ വകഭേദങ്ങളോടെയാണ് പുതിയ ജിഎൽഎ എത്തുന്നത്. 134 ബിഎച്ച്പി കരുത്തും 168 ബിഎച്ച്പി കരുത്തുമുള്ള 2.1 ലീറ്റർ ഡീസൽ എൻജിൻ, 180 ബിഎച്ചിപി കരുത്തുള്ള രണ്ട് ലീറ്റർ പെട്രോൾ എൻജിനുകളില്‍ ഏഴു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനാണ് ഒരുക്കിയിരിക്കുന്നത്.
2014ൽ പുറത്തിറക്കിയ മോഡലിനെ അപേക്ഷിച്ചു കാഴ്ചയിലും സൗകര്യങ്ങളിലും മാറ്റങ്ങളുണ്ട്. അഞ്ചു നിറങ്ങളിലായി നാലു വേരിയന്റുകളിലാണ് പുതിയ ജിഎല്‍എ. പുതിയ എൽഇഡി ഹെഡ് ലാംപ്, പുറകിൽ ക്രിസ്റ്റൽ സ്റ്റൈൽ ലൈറ്റുകൾ, പുതിയ അലോയ് വീലുകൾ, കൂടുതൽ സ്ഥലം തോന്നിപ്പിക്കുന്ന ഇന്റീരിയർ, അഡ്വഞ്ചർ കിറ്റ്, ആറ് എയർ ബാഗുകൾ ഉള്‍പ്പെടെ മികച്ച സുരക്ഷാ സംവിധാനങ്ങളും പ്രത്യേകതകളാണ്.
