Asianet News MalayalamAsianet News Malayalam

ഫ്രീക്കന്മാരായ ടൂറിസ്റ്റ് ബസുകളെ കുടുക്കി മോട്ടോര്‍വാഹന വകുപ്പിന്‍റെ മിന്നലാക്രമണം!

സംസ്ഥാനത്ത് 2018 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രം മോട്ടോര്‍ വാഹനവകുപ്പ്  പിടികൂടിയത് ഇത്തരത്തിലുള്ള 3668 ടൂറിസ്റ്റ് ബസുകളാണെന്നാണ് റിപ്പോർട്ടുകള്‍.

Motor Vehicle Department Action Against Dangerous And Stylish Tourist Buses
Author
Trivandrum, First Published Jan 9, 2019, 10:27 AM IST

തിരുവനന്തപുരം: ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും എതിരെ വരുന്ന വാഹനങ്ങളുടെ ദിശ തെറ്റിക്കുന്ന ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനത്ത് അപകട ഭീഷണി വിതച്ച് സര്‍വീസ് നടത്തുന്നുവെന്ന പരാതികള്‍ക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇപ്പോഴിതാ ഇത്തരം ഫ്രീക്കന്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടര്‍ വാഹന വകുപ്പ്. സംസ്ഥാനത്ത് 2018 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രം മോട്ടോര്‍ വാഹനവകുപ്പ്  പിടികൂടിയത് ഇത്തരത്തിലുള്ള 3668 ടൂറിസ്റ്റ് ബസുകളാണെന്നാണ് റിപ്പോർട്ടുകള്‍.

ഏറ്റവും കൂടുതല്‍ ഫ്രീക്കന്‍ ബസുകള്‍ കുടുങ്ങിയത് തിരുവനന്തപുരം ആര്‍ ടി ഓഫീസിനു കീഴിലാണെന്നാണ് റിപ്പോര്‍ട്ട് . ഇത്തരം 790 ബസുകളെയാണ് ഇവിടെ മാത്രം അധികൃതര്‍ പൂട്ടിയത്. ഏറ്റവും കുറവ് വയനാട്ടിലാണ്. കേവലം എട്ട് ബസുകള്‍ മാത്രമാണ് ഇവിടുത്തെ ഫ്രീക്കന്മാര്‍.

നിയമം അനുവദിക്കുന്നതിനെക്കാള്‍ ശക്തിയുള്ള വെളിച്ച-ശബ്ദ സംവിധാനങ്ങളാണ് മിക്ക ബസുകളിലും. അമിത വെളിച്ച-ശബ്ദ സംവിധാനങ്ങള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ച് അപകടങ്ങളുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം ബസുകള്‍ പിടികൂടാന്‍ രാത്രികാല പരിശോധനകള്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കുന്നു. പരിശോധനയ്ക്കുശേഷവും ഇത്തരം സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഇത്തരം ടൂറിസ്റ്റു ബസുകള്‍ക്കെതിരെ അടുത്തിടെ കേരള പൊലീസും രംഗത്തെത്തിയിരുന്നു. കാതടപ്പിക്കുന്ന ശബ്ദവും അകത്തും പുറത്തും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുമായി നിരത്തിലെത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റിലൂടെയുള്ള പോലീസിന്‍റെ മുന്നറിയിപ്പ്.

Follow Us:
Download App:
  • android
  • ios