ബാലി : വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെടുന്നത് സാധാരണമാണ്. എന്തെങ്കിലും പ്രശ്നത്തിലോ, അല്ലെങ്കില്‍ തകരാറ് പറ്റിയതോ ആയ വാഹനങ്ങള്‍ റോഡ്വക്കിലും മറ്റും ഉപേക്ഷിച്ച് കാണാറുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് ഒരു വിമാനം ഉപേക്ഷിക്കപ്പെട്ടാലോ, ഞെട്ടിയോ സംഭവം സത്യമാണ്.
 ബോയിങ് 737 വിമാനമാണ് ഒരൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് സംഭവം.

ബാലിയിലെ പ്രശസ്തമായ പാണ്ഡവ ബീച്ചില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ മാറി സെലാട്ടന്‍ ഹൈവേയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് ഈ വിമാനം ഉള്ളത്. എന്നാല്‍ വിമാനത്തിന് മുകളില്‍ ഏത് കമ്പനിയുടെതാണ് വിമാനം എന്ന ഒരു അടയാളവും ഇല്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈ വിമാനം ഇവിടെ പ്രത്യേക്ഷപ്പെട്ടത്. മരങ്ങള്‍ നിറഞ്ഞ പ്രദേശത്തിന് ഇടയിലായി ഒഴിഞ്ഞ സ്ഥലത്താണ് വിമാനം കിടക്കുന്നത്.

വിമാനം കിടക്കുന്ന സ്ഥലത്തിന്‍റെ ഉടമയാരാണെന്ന് സമീപവാസികള്‍ക്കും വലിയ പിടിയില്ല. എന്നാല്‍ വിമാനമുള്ള പറമ്പിന്‍റെ സുരക്ഷയ്ക്കായി ഒരു ഗാര്‍ഡ് ഉണ്ട്. ഒരു വിമാന മോഡല്‍ ഭക്ഷണശാല നിര്‍മ്മിക്കാനുള്ള പദ്ധതി ആയിരിക്കാം ഇത് എന്നാണ് സമീപവാസികള്‍ കരുതുന്നത്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട വിമാനം കാണുവാന്‍ ആളുകള്‍ ഒഴുകുന്നുണ്ട് എന്നതാണ് രസകരമായ കാര്യം.