വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ലെന്നു സൂചന

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ലെന്നു സൂചന. ചെങ്ങൽ തോടിനോട് ചേർന്ന മരത്തിലിടിഞ്ഞു റൺവേ കാണാത്ത വിധം പൂർണമായും വെള്ളത്തിൽ മുങ്ങിയ വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്. ടെർമിനലിന് ഉള്ളിലേക്ക് വെള്ളം കയറാതിരിക്കാൻ ചാക്കുകളിൽ മണൽ നിറച്ചു വിരിക്കുകയാണ് ജീവനക്കാർ. 

ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 വരെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുകയാണെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാകാൻ കൂടുതൽ ദിവസമെടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ ചെങ്ങൽ തോട്ടിലൂടെയുള്ള ജലമൊഴുക്കു കൂടിയതോടെയാണു വിമാനത്താവളത്തിന്റെ റൺവേ ഉൾപ്പെടെയുള്ള ഓപ്പറേഷനൽ ഏരിയ മുങ്ങിയത്.

ടെർമിനലിന്റെ പ്രവേശന ഭാഗവും കാർ പാർക്കിങ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റുമൊക്കെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. തുടര്‍ച്ചയായ കനത്തമഴയുള്ളതിനാലും പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതിനാലും വെള്ളം പമ്പു ചെയ്തു കളയാനും സാധിക്കുന്നില്ല. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ പെരിയാറിലെ വെള്ളപ്പൊക്കത്തിനും കുറവില്ല. ഇക്കാരണങ്ങളാല്‍ നാലു ദിവസം അടച്ചിടാനുള്ള തീരുമാനം നീട്ടിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അതനുസരിച്ചു വിദേശത്തു പോകേണ്ടവരും വിദേശത്തുനിന്നു നാട്ടിലേക്കു വരുന്നവരും യാത്രയിൽ മാറ്റം വരുത്തേണ്ടി വരും. നെടുമ്പാശേരിയിൽ നിന്നുള്ള 35 സർവ്വീസുകൾ നിലവില്‍ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. മൂന്നു ഹജ്ജ് വിമാനങ്ങളും തലസ്ഥാനത്തു നിന്നാണ് പുറപ്പെടുക.