സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കോഡുകളിൽ ഇനി ആറെണ്ണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കോഡുകളിൽ ഇനി ആറെണ്ണം കൂടി. പുതുതായി രൂപീകരിച്ച ആറു സബ് ആർടി ഓഫിസുകൾക്കായി കെഎൽ 74 മുതൽ കെഎൽ 79 വരെയാണ് അനുവദിച്ചു. കാട്ടാക്കട 74, തൃപ്പയാർ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകൾ. ഈ ആറിടങ്ങളിൽ പുതിയ സബ് ആർടി ഓഫിസുകൾ ആരംഭിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു.

നിലവില്‍ കെഎൽ 01 മുതൽ കെഎൽ 73 വരെയാണ് 17 ആർടി ഓഫിസുകൾക്കും 61 സബ് ആർടി ഓഫിസുകൾക്കുമായി നൽകിയിട്ടുള്ളത്. കെഎൽ 15 കെഎസ്ആർടിസി ബസുകൾക്കുള്ളതാണ്. 

പുതിയ പ്രഖ്യാപനത്തോടെ കോഴിക്കോട് ആർടി ഓഫിസിന്റെ കെഎൽ 11 അടക്കം കോഴിക്കോട് ജില്ലയിൽ രണ്ടു ഫാൻസി നമ്പറായി. പേരാമ്പ്ര സബ് ആർടി ഓഫിസിന് 77 എന്ന ഫാൻസി നമ്പർ ലഭിച്ചതോടെയാണ് ഇത്. 

കോഡിനു ശേഷം വരുന്ന 1 മുതൽ 9999 വരെയുള്ള റജിസ്ട്രേഷൻ നമ്പറുകൾ വാഹന ഉടമ തിരഞ്ഞെടുക്കുകയാണെങ്കിൽ 3000 രൂപയാണു ഫീസ്. ഒരു നമ്പറിന് ഒന്നിലേറെ ആവശ്യക്കാർ വന്നാൽ ലേലത്തിലൂടെ നമ്പർ നൽകും.