Asianet News MalayalamAsianet News Malayalam

യാത്രികരുടെ കാലുതിരുമ്മും ഔഡി!

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ നാലാം തലമുറ എ8 എല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഔഡിയുടെ ഏറ്റവും മുന്തിയ സെഡാനാണ് എ8.

New Generation Audi A8L Launched In India
Author
Mumbai, First Published Feb 6, 2020, 11:32 AM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ നാലാം തലമുറ എ8 എല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഔഡിയുടെ ഏറ്റവും മുന്തിയ സെഡാനാണ് എ8.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് 2020 ഔഡി A8 എല്ലിന്‍റെ ശ്രദ്ധേയമായ സവിശേഷത. ബിഎസ് 6 പാലിക്കുന്ന 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഇന്ത്യയില്‍ ഔഡി എ8 എല്‍ സെഡാന് കരുത്തേകുന്നത്. ഇത് മൈൽഡ്-ഹൈബ്രിഡ് സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കും. ഇതിൽ ഒരു ബെൽറ്റ് ആൾട്ടർനേറ്റർ സ്റ്റാർട്ടർ (BAS), 10 Ah ഇലക്ട്രിക്ക് ലിഥിയം അയൺ ബാറ്ററി എന്നിവ ഉൾപ്പെടുന്നു. പുതിയ ഔഡി A8 L ന്റെ എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് 55 മുതൽ 160 കിലോമീറ്റർ വേഗതയിൽ വരെ ഓടിക്കാൻ പ്രാപ്തമാണ്. ആകെ 336 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി.

ഔഡി പ്രോലോഗ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് പുതിയ എ8 നിര്‍മിച്ചിരിക്കുന്നത്.  കാബിനില്‍, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വിര്‍ച്വല്‍ കോക്പിറ്റ് എന്നിവ പുതിയ എ8 സെഡാന്റെ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. കാറിനകത്ത് നോബുകളും ബട്ടണുകളും കാണാന്‍ കഴിയില്ല. മിക്കവാറും എല്ലാ ഫംഗ്ഷനുകള്‍ക്കുമായി സെന്റര്‍ കണ്‍സോളില്‍ രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിരിക്കുന്നു. 

പ്രധാനമായും ഷോഫര്‍ ഡ്രൈവ് വാഹനമാണ് ഔഡി എ8. അതുകൊണ്ടുതന്നെ എ8എല്‍ വേരിയന്റിന് പ്രത്യേകിച്ചും ഓപ്ഷണലായി റിലാക്‌സേഷന്‍ സീറ്റ് ലഭിക്കും. ഈ സീറ്റ് ക്രമീകരിക്കാന്‍ കഴിയും. ഫൂട്ട്‌റെസ്റ്റ് ഉണ്ടായിരിക്കും. പിന്‍ സീറ്റ് യാത്രക്കാരുടെ കാല്‍പ്പാദം തിരുമ്മുന്നതിനും സൗകര്യമുണ്ടായിരിക്കും. 

ബോള്‍ഡ് & സ്‌പോര്‍ട്ടി ഡിസൈന്‍, പരന്ന റൂഫ്, നേരെ നിവര്‍ന്ന മുന്‍ഭാഗം, ഉയര്‍ന്ന ഷോള്‍ഡര്‍ ലൈന്‍, ചെറുതായി ചെരിഞ്ഞിറങ്ങിയ പിന്‍വശം എന്നിവയോടെയാണ് പുതിയ ഔഡി എ8 വരുന്നത്. ക്രോം നിറഞ്ഞ ഗ്രില്‍, ഹൈ-ഡെഫിനിഷന്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഒഎല്‍ഇഡി സാങ്കേതികവിദ്യയോടെ ടെയ്ല്‍ലാംപുകള്‍ എന്നീ സ്മാര്‍ട്ട് ഫീച്ചറുകള്‍ സെഡാന്റെ പുറം രൂപകല്‍പ്പന കൂടുതല്‍ മനോഹരമാക്കുന്നു.

1.56 കോടി രൂപയാണ് ഇന്ത്യയില്‍ വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ലോംഗ് വീല്‍ബേസ് (എല്‍ഡബ്ല്യുബി) വേര്‍ഷന്റെ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ചിരുന്നു. മെഴ്‌സേഡസ് ബെന്‍സ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയാണ് പ്രധാന എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios