Asianet News MalayalamAsianet News Malayalam

പരീക്ഷണയോട്ടം നടത്തുന്ന സാന്‍ട്രോയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

  • പരീക്ഷണയോട്ടം നടത്തുന്ന സാന്‍ട്രോ
  • കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്
New Hyundai Santro Spied Again Ahead Of Launch

ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോ തിരികെയെത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു കാലങ്ങളായി വാഹനലോകത്ത് സജീവ ചര്‍ച്ചയാണ്. പരീക്ഷണ ഓട്ടം നടത്തുന്ന സാന്‍ട്രോയുടെ പുതിയ പതിപ്പിന്‍റെതെന്ന പേരില്‍ അടുത്തകാലത്തായി നിരവധി ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയും ഇത്തരം ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലാകുകയാണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ പുതിയ ചിത്രങ്ങള്‍. Car & Bike dot com എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

New Hyundai Santro Spied Again Ahead Of Launch

മനോഹരമായി രീതിയില്‍ തുണിയുടിപ്പിച്ച് തിരക്കേറിയ റോഡിലൂടെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാഹനം ദില്ലി ഓട്ടോ എക്സ്പോയില്‍ പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാഹനം ദീപാവലിക്ക് വിപണിയിലെത്തുമെന്നതാണ് പുതിയ വാര്‍ത്ത. എഎച്ച് ടു എന്ന കോഡ്നാമത്തിൽ ഹ്യുണ്ടേയ് ഇന്ത്യയ്ക്കായി വികസിപ്പിക്കുന്ന പുത്തൻ ടോൾ ബോയിയുടെ അരങ്ങേറ്റ വേളയിലാവും സാൻട്രോയുടെയും രണ്ടാം വരവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാന്‍ട്രോ പുത്തന്‍ രൂപത്തില്‍ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹം ആദ്യം പരക്കുന്നത് 2017 ആഗസ്തിലാണ്.  പുതുതലമുറ വെര്‍ണ പുറത്തിറക്കുന്ന ചടങ്ങില്‍ ഹ്യുണ്ടായി സിഇഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ വൈ കെ കൂ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇന്ത്യയില്‍ ഹ്യുണ്ടായി കുടുംബത്തിലെ പുതിയ കോംപാക്ട് കാര്‍ അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ അവതരിപ്പിക്കുമെന്നാണ് കൂ അന്ന് വ്യക്തമാക്കിയത്. ഇതോടെ ഈ മോഡല്‍ പുതിയ സാന്‍ട്രോ തന്നെയാണെന്ന് വാഹനപ്രേമികള്‍ വിധിയെഴുതി.

ടോള്‍ ബോയ് ഡിസൈന്‍ വിട്ട് ഹ്യുണ്ടായി ഫ്ലൂയിഡിക് 2.0 പാറ്റേണിലാകും 2018 സാന്‍ട്രോ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോസ്ഓവര്‍ സ്‌റ്റൈലിലാകും കോംപാക്ട് കാര്‍ പുറത്തിറങ്ങുകയെന്നും രൂപകല്പനയിലും സവിശേഷതകളിലും പ്രീമിയം വിപണിക്കൊത്തതാകും പുതിയ മോഡലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ മോഡല്‍ ഒരു കുടുംബ വാഹനമാണെന്നും ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പില്‍ ലഭ്യമാകുമെന്നും വൈകെ കൂ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഡല്‍ ഏതാണെന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നേരത്തെ നിര്‍മാണം അവസാനിപ്പിച്ച ജനപ്രിയ മോഡല്‍ i10-ന് പകരക്കാരനായാകും പുത്തന്‍ സാന്‍ട്രോ എന്നാണ് സൂചന.

പഴയ സാൻട്രോയിലുണ്ടായിരുന്ന നാലു സിലിണ്ടർ എപ്സിലൊൺ എൻജിന്റെ പരിഷ്കൃത രൂപമാവും കാറിനു കരുത്തേകുക. എൻജിന്റെ ശേഷി 1.2 ലീറ്ററായി ഉയർത്തുന്നതിനൊപ്പം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിക്കാനും ഹ്യുണ്ടേയ് ശ്രമിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനി ആദ്യമായി വികസിപ്പിച്ച ‘ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ഈ കാറിലൂടെ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ.

നേരത്തെ ഹ്യുണ്ടായി അവതരിപ്പിച്ച കോംപാക്ട് കാറുകളെക്കാള്‍ നീളവും വീതിയും ഈ പുതിയ മോഡലിന് കൂടുതലുണ്ടാകും. മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും 1.0 ലിറ്റര്‍/1.1 ലിറ്റര്‍ എഞ്ചിനില്‍ പുത്തന്‍ സാന്‍ട്രോ നിരത്തിലെത്താനാണ് സാധ്യത. എകദേശം 4-6 ലക്ഷത്തിനുള്ളിലാകും വിപണി വിലയെന്നും വാഹനത്തിന്റെ മറ്റ് ഫീച്ചേര്‍സുകള്‍ അധികം വൈകാതെ കമ്പനി പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1998ലാണ് മാരുതി സുസുക്കിക്ക് വെല്ലുവിളി ഉയര്‍ത്തി ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ നിര്‍മ്മാണം  2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴും വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഈ ഹാച്ച്ബാക്കിന്റെതെന്നതാണ് രസകരമായ കാര്യം. ഒരു മാസം ഏകദേശം 2000 യൂണിറ്റ് എന്ന നിലയില്‍ ചൂടപ്പം പോലെ വിറ്റു പോയിരുന്ന വാഹനത്തെ ഹ്യുണ്ടായി തിരികെ വിളിച്ചതിനു പിന്നിലെ രഹസ്യം അടുത്തിടെ വെളിപ്പെടുത്തിയത് വാഹനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറു കൂടിയായ ഷാരൂഖ് ഖാനാണ്. സുരക്ഷാ പ്രശ്നങ്ങള്‍ മൂലമാണ് വാഹനം പിന്‍വലിച്ചതെന്നാണ് ഷാരൂഖ് തുറന്നുപറഞ്ഞത്.

Follow Us:
Download App:
  • android
  • ios