15.3 മീറ്റര്‍ ദൂരത്തിലേക്ക് 270 ഡിഗ്രിയില്‍ കരണം മറിഞ്ഞൊരു വാഹനം! അതും ആദ്യ പ്രദര്‍ശനത്തില്‍. കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഞെട്ടലില്ലേ? എന്നാല്‍ സംഗതി സത്യമാണ്. ടാറ്റയുടെ ഉടമസ്ഥതതയിലുള്ള ജാഗ്വറിന്‍റെ പുതിയ മോഡല്‍ ഇ പെയ്സിന്‍റെ പ്രദര്‍ശനമാണ് ഗിന്നസില്‍ കയറി ശ്രദ്ധേയമായത്.

ലണ്ടനിലെ എക്സല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ജാഗ്വറിന്‍റെ ചെറു എസ്‍യുവി ഇ പെയ്‍സ് 270 ഡിഗ്രിയില്‍ 15.3 മീറ്റര്‍ ദൂരേക്ക് കരണംമറിഞ്ഞത്. കാര്‍ സ്റ്റണ്ട് ഡ്രൈവിംഗിലെ ഇതിഹാസമായ ബ്രിട്ടീഷ് താരം ടെറി ഗ്രാന്‍ഡായിരുന്നു ഡ്രൈവിംഗ് സീറ്റില്‍. അങ്ങനെ ജാഗ്വർ ഇ പെയ്സ്‍, പ്രൊഡക്‌ഷൻ വാഹനത്തിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട ബാരല്‍ റോള്‍ ചാട്ടം എന്ന ഗിന്നസ് റെക്കോർഡാണ് സ്വന്തമാക്കിയത്.

രണ്ട് ഡീസൽ എന്‍ജിനിലും ഒരു പെട്രോൾ എന്‍ജിനിലും ഇ-പെയ്സ്‍ ലഭ്യമാകും. 183 കിലോവാട്ട് കരുത്തും 365 എൻഎം ടോർക്കുമാണ് പെട്രോള്‍ എന്‍ജിനില്‍ ലഭിക്കുക. യഥാക്രമം 110 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും, 132 കിലോവാട്ട് കരുത്തും 430 എൻഎം ടോർക്കും നൽകുന്നവയാണു ഡീസൽ എൻജിനുകൾ.

2 ലീറ്റർ കപ്പാസിറ്റിയുള്ള നാലു സിലിണ്ടർ ടർബോ ചാർജിഡ് എൻജിനാണ് എല്ലാ വകഭേദങ്ങൾക്കും. ഉയർന്ന ഡീസൽ വേരിയന്റ് 9.3 സെക്കന്‍ഡിലും രണ്ടാമത്തെ ഡീസൽ പതിപ്പ് 10.5 സെക്കറ്റിലും നൂറ് കിലോമീറ്റര്‍ വേഗം കൈവരുമ്പോൾ പെട്രോൾ വകഭേദത്തിന് ഈ വേഗതയിലെത്താന്‍ 7 സെക്കന്‍ഡുകൾ മാത്രം മതി. ഡീസൽ വകഭേദങ്ങളുടെ കൂടിയ വേഗത 193 കിലോമീറ്ററും 205 കീലോമീറ്ററുമാണെങ്കിൽ പെട്രോൾ മോഡലിനു പരമാവധി വേഗത 230 കിലോമീറ്ററാണ്.

ജാഗ്വര്‍ നിരയിലെ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളാണ് ഇ പെയ്സ്. ജാഗ്വറിന്റെ ആദ്യ എസ് യു വി എഫ് പെയ്സിനു ശേഷം കമ്പനി പുറത്തിറക്കുന്ന എസ് യു വി. എഫ് പെയ്സിന്റെ ചുവടുപിടിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന ഇ പെയ്സിന് സ്റ്റൈലും കരുത്തും ഒരുപോലെ കോർത്തിണക്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. വീഡിയോ കാണാം