രണ്ടുമാസം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ദില്ലി - മീററ്റ് എക്‌സ്പ്രസ്‌വേ എന്‍എച്ച് 24ല്‍ വെള്ളപ്പൊക്കം!
രണ്ടുമാസം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ദില്ലി - മീററ്റ് എക്‌സ്പ്രസ്‌വേ എന്‍എച്ച് 24 നെ ആരും മറന്നുകാണില്ല. ഇന്ത്യയിലെ ആദ്യത്തെ ഈ 14 വരി അതിവേഗപാത വലിയ ആഘോഷങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്. ഉദ്ഘാടനത്തിനുശേഷം അതിവേഗ പാതയിലൂടെ തുറന്ന കാറിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയും ശ്രദ്ധേയമായിരുന്നു.
എന്നാല്‍ 7500 കോടി രൂപ ചെലവിൽ നിർമിച്ച എക്‌സ്‌പ്രസ് ഹൈവേയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. കനത്ത മഴയെത്തുടർന്ന് വെള്ളം കെട്ടി നിൽക്കുന്ന ഫ്ലൈ ഓവറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തറ നിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ള എക്സ്പ്രെസ്‌വേയിലെ വെള്ളപ്പൊക്കം അദ്ഭുത പ്രതിഭാസമെന്നാണ് കമന്‍റുകള്‍.
ബോണറ്റ് ലെവൽ വരെ വെള്ളത്തിൽ മുങ്ങിയ കാറുകള്‍ പോകുന്നതും വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങളും വീഡിയോയിലുണ്ട്. വെള്ളം ഒഴുകി പോകാനുള്ള ഡ്രൈനേജ് സംവിധാനങ്ങളുടെ അപാകതയാണ് വെള്ളക്കെട്ടിന് കാരണം. മഴ കനത്തതോടു കൂടി വെള്ളം ഒഴുക്ക് നിന്നതാണ് വെള്ളക്കെട്ടിന് കാരണം.
പുതിയ പാത നിലവിൽ വന്നതോടെ ഡൽഹിയും മീററ്റും തമ്മിലുള്ള യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വഴിവിളക്കുകൾ, മഴവെളള സംഭരണികൾ, അണ്ടർ പ്ലാസകൾ എന്നിവയാണ് അതിവേഗ പാതയിലെ പ്രത്യേകത. രണ്ടര ലക്ഷത്തോളം വൃക്ഷത്തൈകളാണ് പാതയ്ക്ക് ഇരുവശവും നട്ടുപിടിപ്പിച്ചിട്ടുളളത്.
അതിവേഗ പാതയുടെ ഉദ്ഘാടനത്തോടെ ഡൽഹിയിൽനിന്നും മീററ്റിലേക്കുളള യാത്രാസമയം രണ്ടര മണിക്കൂറിൽനിന്നും 45 മിനിറ്റായി ചുരുങ്ങും. പദ്ധതിയുടെ മൊത്തം വ്യാപ്തി 82 കിലോമീറ്ററാണ്. ഇതിൽ 27.74 കിലോമീറ്ററാണ് 14 വരി പാതയിലുളളത്. ഇവയുടെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്. ബാക്കിയുളളവ ആറു വരി പാതയാണ്.

