ഇന്ത്യൻ സൈന്യത്തിനായി പുതിയ ഓഫ്​ റോഡർ വാഹനം നിർമിക്കാനൊരുങ്ങി ടാറ്റ മോ​ട്ടോഴ്​സ്​. 

ഇന്ത്യൻ സൈന്യത്തിനായി പുതിയ ഓഫ്​ റോഡർ വാഹനം നിർമിക്കാനൊരുങ്ങി ടാറ്റ മോ​ട്ടോഴ്​സ്​. ലൈറ്റ് സപ്പോര്‍ട്ട് വെഹിക്കിള്‍ (LSV) ഒരുങ്ങുന്ന ഈ വാഹനത്തിന്‍റെ കോഡ് നാമം മെര്‍ലിന്‍ എന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമ്മര്‍ മോഡലുകളോട് സാദൃശ്യമുള്ള സ്‌റ്റൈലിലാണ് ഈ വാഹനമെന്നും കഴിഞ്ഞ ഒരു വർഷമായി ഇതി​​ന്‍റെ പണിപ്പുരയിലാണ്​ ടാറ്റയെന്നുമാണ്​ റിപ്പോർട്ടുകൾ. 

ഏത് പ്രതികൂല സാഹചര്യങ്ങളും മറികടക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്‍റെ പരീക്ഷണയോട്ടങ്ങള്‍ ഹിമാലയൻ മേഖലയിൽ നടക്കുന്നതായാണ്​ റിപ്പോർട്ടുകൾ. ഉയർന്ന ഗ്രൗണ്ട്​ ക്ലിയറൻസും ഓഫ്​ റോഡ്​ യാത്രകൾക്ക്​ പറ്റിയ വലിയ ടയറുകളുമാണ്​ വാഹനത്തി​​ന്‍റെ പ്രധാന സവിശേഷതകളിലൊന്ന്​. എക്​സ്​റ്റീരിയറിൽ സൈന്യത്തി​​ന്‍റെ ഗ്രേഡ്​ ഡോറുകളും ബുള്ളറ്റ്​ പ്രൂഫ്​ വാതിലുകളും നൽകിയിട്ടുണ്ട്​. വെള്ളക്കെട്ടില്‍ കുടുങ്ങാതിരിക്കാന്‍ മുന്നില്‍ നല്‍കിയ സ്‌നോര്‍ക്കര്‍, വിഞ്ച്, പിന്നിലെ സ്‌പെയര്‍ ടയര്‍, മില്‍ട്ടറി ഗ്രേഡ് ഡോര്‍, ചെറിയ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയും പ്രത്യേകതകളാണ്. 

3.3 ലിറ്റര്‍ ലിക്വിഡ് കൂള്‍ഡ് ഡയറക്ട് ഇഞ്ചക്ഷന്‍ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തിന്‍റെ ഹൃദയം. 185 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 

വെടിയുണ്ടകള്‍ ചെറുക്കാനും ഗ്രനേഡ് ആക്രമണത്തില്‍ നിന്ന് രക്ഷനേടാനും പ്രാപ്തനായിരിക്കും ഈ വാഹനം. മെഷ്യൻ ഗൺ ഉൾപ്പടെ ഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ്​ വാഹനത്തിന്‍റെ ഡിസൈൻ. യുദ്ധഭൂമിയിൽ ഭക്ഷണമുൾപ്പടെ ശേഖരിച്ച്​ വെക്കുന്നതിനും ആയുധങ്ങളും മറ്റും സൂക്ഷിക്കാനും പിന്നില്‍ ധാരാളം സ്റ്റേറേജ് സ്‌പേസുമുണ്ട്. ടാറ്റയുടെ സഫാരി സ്​റ്റോം അടുത്തിടെയാണ് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായത്.