Asianet News MalayalamAsianet News Malayalam

"ജാങ്കോ... നീ അറിഞ്ഞാ..?" കേരള പൊലീസിന്‍റെ കികി ട്രോള്‍ വൈറല്‍

  • കികി ചലഞ്ചിനെതിരെ കിടിലന്‍ ട്രോളുമായി കേരള പൊലീസ്
  • വീഡിയോ വൈറല്‍
New troll by Kerala Police against Kiki Challenge
Author
Trivandrum, First Published Aug 8, 2018, 10:03 AM IST

ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന പുതിയ വീഡിയോ ചലഞ്ച് കികിക്ക് എതിരെ കിടിലന്‍ ട്രോളുമായി കേരള പൊലീസ്. നടുറോഡില്‍ കീകി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് അപകടകരമായ ചലഞ്ചുകള്‍ നമുക്ക് വേണ്ട എന്ന ടൈറ്റിലില്‍ 26 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. കാറില്‍ നിന്നിറങ്ങി ഡാന്‍സ് കളിച്ച് കളിച്ച് ഒടുവില്‍ പൊലീസ് ജീപ്പിലേക്കാണ് യുവാവ് വീഴുന്നത്. ജീപ്പിലിരുന്ന് ജാങ്കോ ‌ഞാന്‍ പെട്ടു എന്ന രസികന്‍ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്. ട്രോളാണെങ്കിലും കിടിലന്‍ മുന്നറിയിപ്പാണ് വീഡിയോയിലൂടെ പൊലീസ് ഉദ്ദേശിച്ചതെന്ന് വ്യക്തം. 

കഴിഞ്ഞ കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് കികി ചലഞ്ച്. ജൂണ്‍ 29ന് ഷിഗ്ഗി എന്നയാള്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയായിരുന്നു കികി ഡാന്‍സ് ചലഞ്ചിന് തുടക്കം. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ഇന്‍ മൈ ഫീലിങ്സ് എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് ചലഞ്ച്. പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടുകയും കാറിന്റെ വാതില്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമാണ് കികി ചലഞ്ച്. ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രധാനമായും ഇത്തരം ചലഞ്ച് വീഡിയോകള്‍ പ്രചരിക്കുന്നത്.

ലോകമാകെ തരംഗമാകുന്ന ഡാന്‍സിനെതിരെ വിവിധ രാജ്യങ്ങളിലെ പൊലീസ് രംഗത്തെത്തിയിരുന്നു. കാറിന് പുറത്തു ചാടിയവരില്‍ ചിലര്‍ ഭംഗിയായി വെല്ലുവിളി പൂര്‍ത്തിയാക്കിയെങ്കിലും ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരക്കേറിയ നഗരങ്ങളില്‍ കാറിന് പുറത്തിറങ്ങി നൃത്തം ചെയ്യുന്നത് മറ്റ് യാത്രക്കാരെ കൂടി പ്രശ്നത്തിലാക്കിയതും കൂടിയായപ്പോള്‍ സംഗതി ഗുരുതരമായി. 

ക്വീന്‍ എന്ന മലയാള സിനിമയിലൂടെ ശ്രദ്ധയയായ നടി സാനിയ അയ്യപ്പനും ഈ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ രംഗത്തു വരുമോ എന്ന ആശങ്കയിലാണ് പൊലീസ്. വഡോദര സ്വദേശിനിയായ റിസ്വാന മിറിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഗള്‍ഫ് രാജ്യങ്ങളിലും കികി വ്യാപകമാകുകയാണ്. ഈ ചലഞ്ചിന്റെ പേരില്‍ യുഎഇയില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായിരുന്നു. വിവിധ രാജ്യങ്ങളിലെ പൊലീസ് കികി ഡാന്‍സിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കികിക്ക് എതിരെ ദില്ലി, മുംബൈ, ബംഗളുരു, ഉത്തര്‍പ്രദേശ്, ഛണ്ഡിഗഡ് പൊലീസുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നടുറോഡിലെ ഡാൻസ്, നർത്തകരുടെ ജീവന് മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി അപകടപ്പെടുത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്. അതുകൊണ്ടു തന്നെ ഇനിയിതു തുടർന്നാൽ ശരിക്കുള്ള മ്യൂസിക്കിനെ നേരിടാൻ തയാറാകൂ എന്നായിരുന്നു മുംബൈ പോലീസിന്‍റെ ട്വീറ്റ്. എന്തായാലും അടുത്തകാലത്ത് നിരവധി ഹിറ്റ് ട്രോളുകളിലൂടെ ശ്രദ്ധേയമായ കേരള പൊലീസിന്‍റെ ഈ ട്രോളും വൈറലാകുകയാണ്.

Follow Us:
Download App:
  • android
  • ios