ഐക്കണിക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പിന്‍റെ പുതുതലമുറ റെനഗേഡ് എസ്‍യുവി 2022-ല്‍ ആഗോള വിപണിയിലെത്തും. നിലവിലുള്ള റെനഗേഡില്‍നിന്നും വലിയ മാറ്റങ്ങളുമായാണ് പുതുതലമുറ റെനഗേഡ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014-ലാണ് ഒന്നാംതലമുറ റെനഗേഡ് ജീപ്പ് പുറത്തിറക്കിയത്. ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സന്റെ സ്‌മോള്‍ വൈഡ് 4X4 പ്ലാറ്റ്‌ഫോമിലായിരുന്നു റെനഗേഡിന്റെ നിര്‍മാണം. പുതിയ തലമുറയും ഇതേ പ്ലാറ്റ്‌ഫോം തുടരുമെന്നാണ് റിപ്പോര്‍ട്ട്. 

ജീപ്പ് കോംപസ്, ഫിയറ്റ് 500X എന്നിവയും ഇതേ പ്ലാറ്റ്‌ഫോമിലാണ്. റെനഗേഡിന്റെ തനത് രൂപം പുതിയ റെനഗേഡിലും പ്രതിഫലിക്കും. ഫീച്ചേഴ്‌സിലെല്ലാം വലിയ മാറ്റമുണ്ടായേക്കും. ഗ്ലോബല്‍ ലൈനപ്പില്‍ കോംപസിന് താഴെയാണ് രണ്ടാംതലമുറ റെനഗേഡിന്റെയും സ്ഥാനം. 

നിലവിലുള്ള റെനഗേഡ് എസ്‍യുവി അധികം വൈകാതെ ഇന്ത്യയിലെത്താനിരിക്കെയാണ് അടുത്ത തലമുറ റെനഗേഡിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ റെനഗേഡ് ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് സൂചന. ജീപ്പ് ഇന്ത്യ നിരയില്‍ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും റെനഗേഡ്. 10 ലക്ഷം രൂപയോളമാണ് ഇന്ത്യന്‍ റെനഗേഡിനു പ്രതീക്ഷിക്കുന്ന വില.

ഇന്ത്യയിലെത്തുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. യുകെ വിപണിയിലുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് റെനഗേഡിലെ വലിയ മാറ്റങ്ങളില്ലാതെയാകും ഇന്ത്യയിൽ അവതരിപ്പിക്കുക.
 
കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം.

മാരുതി വിറ്റാര ബ്രെസ, ഫോഡ‍് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും റെനഗേഡ് പ്രധാനമായും മത്സരിക്കുക. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും ഇന്ത്യന്‍ റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത്.

ജീപ് റാംഗ്ലര്‍, ജീപ് ഗ്രാന്‍ഡ് ചെറോക്കീ എന്നീ മോഡലുകളുമായി 2016 ഓഗസ്റ്റ് 30നാണ് എഫ് സി എ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. റാംഗ്ലറിന് 71.59 ലക്ഷം രൂപയും ഗ്രാന്‍ഡ് ചെറോക്കീക്ക് 93.64 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയുമാണ് വില. ഈ വമ്പന്‍ വില വിപണി പിടിക്കുന്നതിന് ജീപ്പിന് തടസമായി. തുടര്‍ന്ന് പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് പുതി കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതാണ് വില കുറയുന്നത് പ്രധാന കാരണം. 14 ലക്ഷം മുതലായിരുന്നു കോംപസിന്‍റെ ആരംഭവില.