ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ കാര്‍ ശേഖരത്തില്‍ കോടികള്‍ വിലയുള്ള കാറുകള്‍. ഈ കാറുകൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 11400 കോടി തട്ടിയ കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയുടെ ഏകദേശം 10 കോടി രൂപ വിലയുള്ള ആഢംബര കാറുകളാണ് കണ്ടുകെട്ടിയത്.

ഇതാ മോദിയുടെ ചില വിലപിടിച്ചകാറുകള്‍

1. റോള്‍സ് റോയ്‍സ് ഗോസ്റ്റ്
മോദിയുടെ കാറുകളിൽ ഏറ്റവും വിലയുള്ള കാറാണ് റോള്‍സ് റോയ്‍സ് ഗോസ്റ്റ്. ഏകദേശം 5.25 കോടി രൂപയോളം വരും ഈ അത്യാഢംബര കാറിന്‍റെ വില. 6.6 V 12 ട്വിന്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിനു കരുത്തുപകരുന്നത്.

2. പോര്‍ഷെ പനമേര
ജർമ്മൻ ആ‍‍ഡംബര സ്പോര്‍ട്സ് കാർ നിർമാതാക്കളായ പൊർഷെയുടെ നാല് ഡോർ സെഡാനാണ് പനമേര. ഏകദേശം 2 കോടി രൂപ വില വരും പനമേരക്ക്.

3. മേഴ്‍സിഡസ് ബെന്‍സ് ജിഎല്‍എസ് 350 സിഡിഐ
ബെന്‍സിന്‍റെ ഏറ്റവും വിലപിടിപ്പുള്ള എസ്‍യുവികളിലൊന്നാണ് ജിഎല്‍എസ് 350 സിഡിഐ. ഒരെണ്ണത്തിന് ഏകദേശം 82.81 ലക്ഷം രൂപയാണ് വില. 3 ലിറ്റര്‍ V 6 എഞ്ചിന്‍ 258 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ഖും ഉല്‍പ്പാദിപ്പിക്കും. ഈ ബെൻസ് ജിഎൽഎസ് 350 രണ്ട് എണ്ണമാണ് മോദിയുടെ ഗാരേജിലുണ്ടായിരുന്നത്.

4. ബെൻസ് സിഎൽഎസ് എഎംജി
പെർഫോമൻസ് കാറായ ബെൻസ് സിഎൽഎസ് എഎംജിയും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി. ഏകദേശം 76.5 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില.

5. ടൊയോട്ട ഫോര്‍ച്യൂണര്‍
ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ 26.02 ലക്ഷത്തില്‍ തുടങ്ങി 31.99 ലക്ഷത്തില്‍ അവസാനിക്കുന്ന ഫോര്‍ച്യൂണറും കണ്ടുകെട്ടി.

6. ടൊയോട്ട ഇന്നോവ
പുത്തന്‍ ജനറേഷന്‍ ഇന്നോവയാണ് മോദിയുടെ ഗാരേജില്‍ ഉദ്യോഗസ്ഥര്‍ കണ്ടത്.

7. ഹോണ്ട സിആർവി
27 ലക്ഷം രൂപ വിലയുള്ള ഹോണ്ട സിആർവിയും നീരവ് മോദിയുടെ ഗാരേജില്‍ നിന്നും എന്‍ഫോഴ്‍സ്‍മെന്‍റ് പിടിച്ചെടുത്തിട്ടുണ്ട്.