മുംബൈ: ടോള്‍ പ്ലാസകളിലെ തിരിക്കില്‍ കാത്തുനില്‍ക്കാതെ പേടിഎം ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി ടോള്‍ നല്‍കി കടന്നു പോകാം. പേടിഎമ്മിന്റെ ബാങ്കിങ് വിഭാഗമായ പേടിഎം പേയ്മെന്റ്സ് ബാങ്കാണ് പുതിയ ഇലക്ട്രോണിക് ഫാസ്റ്റാഗുമായി രംഗത്തെത്തിയിരിക്കുന്നത്. 

സാധാരണ ഫാസ്റ്റാഗുകളെ പോലെ വാഹനങ്ങളുടെ മുന്‍വശത്ത് ഗ്ലാസില്‍ ഒട്ടിച്ചുവെയ്ക്കാവുന്ന ആര്‍.എഫ്.ഐ.ഡി ടാഗുകളാണ് പേടിഎമ്മും നല്‍കുന്നത്. രാജ്യത്തെ 380 ടോള്‍ പ്സാസകളിലും ഇത് സ്വീകരിക്കപ്പെടും. ഫാസ്റ്റാഗുകള്‍ ഓരോന്നും ഓരു പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. അതില്‍ നിന്ന് പണം പിന്‍വലിക്കപ്പെടും. ഡിസംബര്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റാഗുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

ഇതിന് പിന്നാലെയാണ് നാഷണല്‍ ഹൈവേ അതോരിറ്റി, നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച് പേടിഎമ്മിന്റെ പുതിയ പദ്ധതി. പുതിയ കാറുകളില്‍ പേടിഎം ടാഗുകള്‍ നല്‍കാന്‍ മാരുതി, ഹ്യൂണ്ടായ്, ടാറ്റ, മെഴ്സിഡസ്, ബി.എം.ഡബ്ല്യൂ തുടങ്ങിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പേടിഎം ആപ്പ് വഴി ഫാസ്റ്റാഗുകള്‍ വാങ്ങാം. ടോളുകള്‍ക്കായി പണം നല്‍കുമ്പോള്‍ 7.5 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.