ലോക വിപണിയുടെ പ്രിയപ്പെട്ട എസ് യുവിയാണ് ജീപ്പ്. ഇന്ത്യന്‍ വിപണിയില്‍ വന്നെങ്കിലും കൈപൊള്ളുന്ന വിലയായതിനാല്‍ ആദ്യ വരവ് ക്ലിക്കായില്ല. പിന്നെ, എത്തിയ കോംപസ് ആണെങ്കില്‍ വിപണിയില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.

എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ കീഴടക്കുന്നത് ജീപ്പ് റാങ്ക്‌ളറിന്‍റെ പുതിയ പരസ്യം. പരസ്യം എന്നു പറഞ്ഞാല്‍ കിടിലന്‍ പരസ്യമെന്ന് പറയേണ്ടി വരും. എസ് യുവിയുടെ യഥാര്‍ത്ഥ കരുത്ത് വിളിച്ചറിയിക്കുന്ന ഒരു ഹമ്മര്‍ ലുക്കിലുള്ള പരസ്യം.

ദിനോസറിനെ വട്ടം കറക്കുന്ന ജീപ്പ്. അതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഇതിനായി ഉപയോഗിച്ചിരിക്കുന്നതാകട്ടെ 1993ല്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച സ്പില്‍ബര്‍ഗ് വിസ്മയം ജുറാസിക്ക് പാര്‍ക്കും. ദിനോസര്‍ വരുന്നത് കണ്ട് ജീപ്പെടുത്തു പോകുന്ന രംഗം കിടിലനായി ജീപ്പിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നു വീഡിയോയില്‍. 

ജൂറാസിക്ക് പാര്‍ക്കിലൂടെ ആരാധകര്‍ക്ക് സുപരിചിതനായ ജെഫ് ഗോള്‍ഡ്ബ്ലം ആണ് പരസ്യത്തിലും അഭിനയിച്ചിരിക്കുന്നത്. പുറത്ത് വിട്ട രണ്ട് ദിവസത്തിനുള്ളില്‍ ഒരു കോടി വ്യൂസാണ് വീഡിയോയ്ക്ക് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്.